തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയില്‍ 98 ശതമാനം പണികളും പൂര്‍ത്തിയായെന്ന്​ പറഞ്ഞ്​ ടോൾ പിരിവ്​ ആരംഭിക്കാൻ അനുമതി തേടിയ ദേശീയപാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍. കുതിരാനിലെ രണ്ടാം തുരങ്കം തുറന്നയുടൻ ടോള്‍ പിരിവിനുള്ള നീക്കത്തിലായിരുന്നു അതോറിറ്റി.

അടിപ്പാതകളും സര്‍വിസ് റോഡുകളും ഉള്‍പ്പെടെയുള്ളവയുടെ നിർമാണം ബാക്കി കിടക്കുമ്പോഴാണ് ടോള്‍ പിരിവിന് നീക്കം നടക്കുന്നത്. ടോള്‍ പിരിക്കാന്‍ നിർമാണ കരാര്‍ കമ്പനിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി തൃശൂര്‍ ജില്ല ഭരണകൂടത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കരാര്‍ പ്രകാരം തീര്‍ക്കാൻ ഇനിയുമേറെ ജോലിയുണ്ടെന്ന്​ വിവരാവകാശ നിയമപ്രകാരം ദേശീയപാത അതോറിറ്റിത​ന്നെ നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് പോലും പണി തീർന്നിട്ടില്ലെന്നാണ്​ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നത്.

ദേശീയപാതയിൽ 2.55 കി.മീ. റോഡ് നിർമാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. 32.72 കി.മീ. ദൂരമുള്ള സർവിസ് റോഡിൽ 3.63 കി.മീ. പണി ബാക്കിയാണ്. എട്ട്​ കി.മീ. റോഡിന്റെ അരികിൽ കാന നിർമിച്ചിട്ടില്ല. ട്രക്കുകളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട പണികളും റോഡരികിലെ സൗകര്യങ്ങളും പൂർത്തിയായിട്ടില്ല. 12 ബസ് ഷെൽട്ടറുകളുടെ നിർമാണവും മൂന്നു വലിയ ജങ്​ഷനുകളുടെയും അഞ്ച് ചെറിയ ജങ്​ഷനുകളുടെയും വികസനവും തുടങ്ങുക പോലും ചെയ്തിട്ടില്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. മുളയം മുടിക്കോട് ജങ്​ഷനിലെ അടിപ്പാതകളുടെ എസ്റ്റിമേറ്റുകൾക്ക് ഇതുവരെ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് മറുപടി.

കുതിരാനിലെ രണ്ട് തുരങ്കവും തുറന്നാൽ ടോൾ പിരിവ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. വടക്കഞ്ചേരിയിലെ ടോള്‍ പ്ലാസ ചുങ്കം പിരിവിനായി സജ്ജമാക്കുകയും ചെയ്തിരുന്നു. തുരങ്കം തുറന്നതുകൊണ്ട് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിമാരായ കെ. രാജനും മുഹമ്മദ് റിയാസും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും വളഞ്ഞ വഴികൾ തേടുകയാണെന്നാണ്​ ആക്ഷേപം.

Tags:    
News Summary - National Highways Authority seeks shortcut for toll collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT