കുന്നംകുളം: ശീട്ടുകളിയിലുണ്ടായ തർക്കത്തെ തുടർന്ന് അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സഹപ്രവർത്തകനെ പൊലീസ് 45 മിനിറ്റിനകം പിടികൂടി. ഒഡിഷ സ്വദേശിയായ ഘനശ്യാം (പിന്റു -19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി ധരം ബീർ സിങ്ങിനെയാണ് (29) സിറ്റി പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം തൃശൂരിൽനിന്ന് പിടികൂടിയത്.
ശനിയാഴ്ച 10 ഓടെ കുന്നംകുളം പട്ടാമ്പി റോഡിലെ ടൈൽസ് ഗോഡൗണിന് സമീപം തൊഴിലാളികൾ താമസിക്കുന്ന ഹാളിലായിരുന്നു സംഭവം. ശീട്ടുകളിയിൽ പണം നഷ്ടമായതിനെ ചൊല്ലിയുള്ള വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ, ധരം ബീർ സിങ് കത്തി ഉപയോഗിച്ച് ഘനശ്യാമിന്റെ നെഞ്ചിലും വയറ്റിലും കുത്തി. മറ്റ് തൊഴിലാളികൾ ഉടൻ ഘനശ്യാമിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചയുടൻ കുന്നംകുളം എ.സി.പി. സി.ആർ. സന്തോഷിന്റെയും ഇൻസ്പെക്ടർ കെ.ജി. ജയപ്രദീപിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതി രക്ഷപ്പെട്ടെന്ന് മനസ്സിലാക്കിയ പൊലീസ്, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്റെയും (സാഗോക്) സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ നീക്കമാണ് പ്രതിയെ വേഗത്തിൽ കുടുക്കിയത്. കുന്നംകുളത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സാഗോക് ടീം പിടികൂടുകയായിരുന്നു.
പരിക്കേറ്റ ധരം ബീർ സിങ്ങിനെ പൊലീസ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകീട്ട് കോടതിയിൽ ഹാജരാക്കി. ഘനശ്യാമിന്റെ മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.