ചാവക്കാട്: കടപ്പുറം മുനക്കക്കടവിൽ ഗവ. ഫിഷ്ലാൻഡിങ് സെന്‍ററിന് സമാന്തരമായി നിയമവിരുദ്ധമായും പഞ്ചായത്ത് ലൈസൻസില്ലാതെയും തീരദേശ പരിപാലന നിയമം ലംഘിച്ചും പുഴ കൈയേറിയും സ്വകാര്യ വ്യക്തി നിർമിച്ച അനധികൃത ഹാർബർ അടച്ചുപൂട്ടി. ഇതേതുടർന്ന് തിങ്കളാഴ്ച ഇവിടേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു.
മുനക്കക്കടവ് ഫിഷ്ലാൻഡിങ് സെന്‍റർ ലേബർ കോ ഓഡിനേഷൻ കമ്മിറ്റിയുടെ പരാതി പ്രകാരം കടപ്പുറം ഗ്രാമപഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് മെമ്മോ പ്രകാരം കടപ്പുറം പഞ്ചായത്ത് നൽകിയ പരാതിയിൽ ചാവക്കാട് പൊലീസ് ഇടപെട്ടാണ് സമാന്തര ഹാർബർ പൂട്ടിച്ചത്. അനധികൃത സ്ഥാപനം പൂട്ടിച്ചതിനാൽ പ്രതിഷേധ മാർച്ച് മാറ്റിവെക്കണമെന്ന പൊലീസിന്‍റെ അഭ്യർഥന മാനിച്ചാണ് സമര പരിപാടികൾ നിർത്തിവെക്കാൻ അഞ്ചങ്ങാടി ഇന്ദിരാഭവനിൽ ചേർന്ന ട്രേഡ് യൂനിയൻ നേതാക്കളുടെയും കോ ഓഡിനേഷൻ എക്സിക്യൂട്ടീവിന്‍റെയും സംയുക്ത യോഗം തീരുമാനിച്ചത്.
യോഗത്തിൽ പ്രസിഡന്‍റ് പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ കെ.എം. അലി തിരുവത്ര, ഹംസക്കുട്ടി മന്ദലംകുന്ന്, ബൈജു തെക്കൻ, നാസർ പണ്ടാരി, നാസർ ബ്ലാങ്ങാട്, അഹമ്മദ് ഖാൻ തിരുവത്ര, അനിൽകുമാർ മല്ലാട്, കോ ഓഡിനേഷൻ ഭാരവാഹികളായ ഉമ്മർ മനാഫ്, പി.എം. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.