കാത്തിരിപ്പിന് അറുതി; മതിലകം പഞ്ചായത്തിന് സ്വന്തം കളിസ്ഥലമായി
മതിലകം: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ മതിലകം പഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ കളി സ്ഥലം യഥാർഥ്യമായി. സബ് റജിസ്ട്രാർ ഓഫീസിന് വടക്ക് പഞ്ചായത്ത് അതിർത്തിയോട് ചേർന്ന് 40.07 ഹെക്ടര്‍ സ്ഥലമാണ് കളിസ്ഥലമായി മാറുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ വിഹിതം വകയിരുത്തി 42,56,000 രൂപയാണ് കളിസ്ഥലത്തിനായി ചെലവഴിച്ചത്. മുൻ ഭരണസമിതിയുടെ കാലത്ത് രൂപവത്കരിച്ച ജനകീയ സമിതി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച് 14 ലക്ഷം രൂപ ഭൂമി തരം മാറ്റുന്നതിനും അഡ്വാൻസ് നൽകുന്നതിനും വിനിയോഗിച്ചതായി ഭരണകർത്താക്കൾ അറിയിച്ചു.
ഒട്ടേറെ കായികതാരങ്ങളെ സമ്മാനിച്ച പഞ്ചായത്തിന് സ്വന്തമായി കളി സ്ഥലം എന്നത് നാളേറെയായുള്ള ആവശ്യമായിരുന്നു. സ്കൂൾ ഗ്രൗണ്ടുകൾ പലതും ചുറ്റുമതിൽ കെട്ടി അടച്ചു സംരക്ഷിച്ചപ്പോൾ കായിക താരങ്ങൾക്കും കായിക പ്രേമികൾക്കും കളി മൈതാനങ്ങൾ പലതും അന്യമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ജി. സുരേന്ദ്രൻ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കാലത്ത് കളി സ്ഥലത്തിന് വേണ്ടി ആലോചന നടന്നതും ജനകീയ സമിതി രൂപവത്കരിച്ചതും. എന്നാൽ അന്ന് കണ്ടെത്തിയ ഭൂമി സാങ്കേതിക കാരണങ്ങളാൽ ഏറ്റെടുക്കാൻ കഴിയാതെ പോയി. ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച വിവാദങ്ങളും ഉയർന്നിരുന്നു.
പിന്നീട് ‘ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം’ എന്ന സർക്കാർ നയത്തിന്റെ ചുവട് പിടിച്ച് സീനത്ത് ബഷീർ പ്രസിഡണ്ടായിരുന്ന ഭരണസമിതിയാണ് ഇപ്പോൾ ഏറ്റെടുത്ത സ്ഥലം കണ്ടെത്തുന്നതും ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി വച്ചതും ഒരേക്കറോളം വരുന്ന സ്ഥലത്ത് ഫുട്ബാൾ മൈതാനം, വോളിബാൾ കോർട്ട്, ഷട്ടിൽ കോർട്ട്, നീന്തൽ കുളം എന്നിവയാണ് വിഭാവനം ചെയ്യുന്നത് ഇതിനായി സമഗ്ര മാസ്റ്റർ പ്ലാനും ഡി.പി ആറും തയ്യാറാക്കുമെന്ന് പ്രസിഡന്റ് സുമതി സുന്ദരന്‍ അറിയിച്ചു.
മതിലകം സബ് രജിസ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ വൈസ് പ്രസിഡന്റ് പി.എം. ആൽഫ സെക്രട്ടറി കെ. എസ്. രാമദാസ് എന്നിവർ സ്ഥലം ഉടമസ്ഥരായ ജോയ്, ആൽബിജോയ് എന്നിവരിൽനിന്ന് സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ, എം.എ. ബിനേഷ്, ഹസീന റഷീദ്, പ്രസീത, വാര്‍ഡ് മെംബര്‍ ലിസി വിന്‍സെന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.