പുതിയ ദേശീയപാത 66 ൽ മതിലകം കിഴക്കും പുറത്ത് സഞ്ചാര മാർഗം നിഷേധിക്കപ്പെട്ടവർ നടത്തിയ റോഡ് ഉപരോധം

ദേശീയപാത വികസനം; ചതിയിൽ അകപ്പെട്ടവർ ഒടുവിൽ റോഡിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചു

മതിലകം: മതിലകം കിഴക്കും പുറത്ത് പുതിയ ദേശീയപാത വികസനത്തിൽ ഇരകളാക്കപ്പെട്ട ഒരു പറ്റം മനുഷ്യർ ഗത്യന്തരമില്ലാതെ ഒടുവിൽ എൻ.എച്ച് 66ൽ ഗതാഗതം സ്തംഭിപ്പിച്ചു. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ദേശീയ പാത ഉപരോധസമരം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയതോടെ ഇതുവരെ ഒളിച്ചുകളിച്ച നിർമാണ കമ്പനിക്കും, എൻ.എച്ച്.എ.ഐക്കും വഴിക്ക് വരേണ്ടി വന്നു.

സ്ഥലത്തെത്തിയ കെ.കെ. വത്സരാജ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശിവാലയ നിർമാണ കമ്പനി പ്രതിനിധിയുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലിക വഴി നിർമാണം ആരംഭിച്ചതോടെയാണ് ഹൈവേ ഉപരോധത്തിന് പരിസമാപ്തിയായത്. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല ദേശീയപാതക്കും കനോലി കനാലിനുമിടയിൽ പുറം ലോകത്ത് കടക്കാനാകാത്ത വിധം അകപ്പെട്ടുപ്പോയ മനുഷ്യരുടെ ജീവൽ സമരത്തെ തുടർന്ന് മൂന്നു മണിക്കൂറുകളോളമാണ് പുതിയ എൻ.എച്ച് 66ൽ വാഹന ഗതാഗതം നിലച്ചത്.

രാവിലെ ഏഴര മണിയോടെ തുടക്കമിട്ട ഉപരോധത്തിൽ തൊഴിലാളികൾ പണി ഉപേക്ഷിച്ചും വിദ്യാർഥികൾ സ്കൂളിൽ പോകാതെയുമാണ് പങ്കാളികളായത്. എൻ.എച്ചിലെ മതിലകം ബൈപാസ് കടന്നു പോകുന്ന കിഴക്കും പുറത്ത് സർവിസ് റോഡ് നിർമിക്കാത്തതാണ് അടിസ്ഥാന പ്രശ്നം. ഇത് മൂലം കനോലി തീരത്ത് താമസിക്കുന്ന 22 ഓളം നിർധന കുടുംബങ്ങളും ചെറുകിട ഭൂവുടമകളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് പുറത്ത് കടക്കാൻ വഴി പോലുമില്ലാതെ ഹൈവേ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന വേളയിലാണ് പ്രദേശവാസികളുടെ പ്രതിഷേധവും മുറവിളിയും ഉയരാൻ തുടങ്ങിയത്.

പുതിയ എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉൾപ്പെടെ വിവിധങ്ങളായ ശ്രമങ്ങൾ ഉണ്ടായെങ്കിലും നിർമാണ കമ്പനി അനങ്ങിയിരുന്നില്ല. ഇതിനിടെയാണ്കനോലി തീരവാസികൾ എൻ.എച്ച് മുറിച്ചു കടന്നിരുന്ന ഡിവൈഡറിന്റെ ഭാഗം ചൊവ്വാഴ്ച രാത്രി അധികൃതർ അടച്ചത്. ഇതോടെ പുറം ലോകത്ത് പൂർണമായും ഒറ്റപ്പെട്ട വീട്ടുകാർ രണ്ടും കൽപിച്ച് കൂട്ടത്തോടെ ഹൈവേയിലിറങ്ങി ബുധനാഴ്ച രാവിലെ ഗതാഗതം തടയുകയായിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമതി സുന്ദരന്റെയും, അംഗം സുനിൽ പി മേനോൻ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച റോഡ് ഉപരോധിമറിഞ്ഞ് പിന്നീട് കൂടുതൽ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും സമരമുഖത്തെത്തി. ഡിവൈ.എസ്.പി രതീഷ് കുമാർ, സി.ഐ വിമൽ, എസ്.ഐ നസിയ എം.സാഹിബ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു. 

Tags:    
News Summary - Highway Development Victims Block Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.