സുനീർ
സ്വകാര്യ സ്ഥാപനത്തിൽനിന്ന് 70 ലക്ഷം തട്ടി മുങ്ങിയ മുൻ കോൺഗ്രസ് നേതാവ് മൈസൂരുവിൽ പിടിയിൽ
ചാവക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് മുൻ പ്രാദേശിക നേതാവ് പൊലീസിന്റെ പിടിയിലായി. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് മുൻ സെക്രട്ടറിയും അകലാട് ഇടക്കഴിയൂർ സ്വദേശിയുമായ സുനീർ എന്ന നൂറുവിനെയാണ് ചാവക്കാട് പൊലീസ് മൈസൂരിൽ നിന്ന് പിടികൂടിയത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് 70,40,000 രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചിരുന്നു. തൃശൂർ സിറ്റി പൊലീസ് കമീഷണർ നഗുൽ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട് എന്നിവരുടെ നിർദ്ദേശപ്രകാരം ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.
ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബു, എസ്.ഐ സജിത് കുമാർ, എസ്.ഐ ജലീൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒമാരായ അജിത്ത് ലാൽ, രജിത്ത്, അനീഷ് വി. നാഥ്, രതീഷ് കുമാർ, വിഷ്ണു, വിഷ്ണു പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് സൈബർ സെൽ ഉദ്യോഗസ്ഥനായ ഫീസ്റ്റോയുടെ സഹായത്തോടെ പ്രതിയെ മൈസൂരിൽ നിന്ന് പിടികൂടിയത്. നാട്ടിലെത്തിച്ച പ്രതിയെ തെളിവെടുപ്പിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.