ജില്ലയിൽ ആശങ്കയായി കുട്ടികളിലെ കുഷ്ഠരോഗബാധ

തൃശൂർ: സമൂഹത്തിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘അശ്വമേധം 7.0’ കാമ്പയിന് ജില്ലയിൽ ബുധനാഴ്ച തുടക്കമാകും. ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന ഭവന സന്ദർശന പരിപാടിയിലൂടെ രണ്ടാഴ്ചക്കാലം തീവ്രമായ രോഗനിർണയ പ്രവർത്തനങ്ങളാണ് നടക്കുക.

കുട്ടികളിൽ കുഷ്ഠരോഗം വർധിക്കുന്നത് മുതിർന്നവരിൽ രോഗം തിരിച്ചറിയാതെ പോകുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതൽ) തൃശൂർ ജില്ലയിൽ മാത്രം 21 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേർ കുട്ടികളാണ് എന്നത് ഗൗരവകരമാണ്. നിലവിൽ ജില്ലയിൽ 37 പേർ ചികിത്സയിലുണ്ട്. ഇതിൽ 30 പേർക്ക് തീവ്രത കൂടിയ എം.ബി (മൾട്ടി ബാസിലറി) ലെപ്രസിയും ഏഴുപേർക്ക് തീവ്രത കുറഞ്ഞ പി.ബി (പോസി ബാസിലറി) ലെപ്രസിയുമാണ്. സംസ്ഥാനത്താകെ 2024-25 കാലയളവിൽ 368 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 521 പേർ ചികിത്സയിലുള്ളതിൽ 32 പേർക്ക് ഗ്രേഡ്-2 വൈകല്യം സംഭവിച്ചിട്ടുണ്ട്.

കാമ്പയിനിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാ പ്രവർത്തകരും പുരുഷ വളന്റിയർമാരും വീടുകളിലെത്തി പരിശോധന നടത്തും. രണ്ടു വയസ്സിനു മുകളിലുള്ളവരിലാണ് ലക്ഷണങ്ങൾ പരിശോധിക്കുക. തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ, ചുവന്നതോ, ചെമ്പ് നിറത്തിലുള്ളതോ ആയ പാടുകൾ, സ്പർശനശേഷി കുറവ്, തടിപ്പുകൾ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം സ്ഥിരീകരിക്കുന്നവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ആറുമുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം.

അശ്വമേധം 7.0 ഭവന സന്ദർശന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ ഒമ്പതിന് മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുധീഷ് അധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫ്ലെമി ജോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ടി.പി. ശ്രീദേവി, ഡോ. പി. സജീവ് കുമാർ, ഡോ. ഫ്ലെമി ജോസ്, ആൽജോ സി. ചെറിയാൻ, വി.ആർ. ഭരത്കുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Leprosy outbreak among children a concern in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.