പുത്തൻചിറയിൽ എൽ.ഡി.എഫിന് ആത്മവിശ്വാസം

മാള: പുത്തൻചിറയിൽ ഒരു പതിറ്റാണ്ടുകാലം ഭരണം പിന്നിട്ട എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുത്തൻചിറയെ ചുവപ്പണിയിച്ച് തന്നെ നിലനിർത്തുമെന്ന് ഇവർ അവകാശപെടുന്നു. അതേസമയം എന്ത് വില കൊടുത്തും പുത്തൻചിറയെ കൈപ്പിടിയിൽ ഒതുക്കുവാനാണ് യു.ഡി.എഫ് ശ്രമം. വിമത ഭീഷണികൾ ഇല്ലാത്തത് ഇക്കുറി ഇവർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 15 സീറ്റുകളിൽ മത്സരിക്കുന്നു എന്നത് ഇരു മുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. 15 സീറ്റുകളിൽ ബി.ജെ.പി നേരിട്ടും ഒരു സീറ്റിൽ എൻ.ഡി.എ സ്വതന്ത്രനും മത്സരിക്കുന്നു എന്നതും ഈ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ പോന്നതാണ്. വോട്ടുകൾ ചിതറി മാറിയാൽ യു.ഡി.എഫിന്റെ പ്രതീക്ഷകൾ തകിടം മറിയും.

എൽ.ഡി.എഫിന്റെ കോട്ട ഭദ്രമായി തുടരുകയും ചെയ്യും. 33 പുരുഷന്മാർ ജനവിധി തേടുമ്പോൾ 34 വനിതകളും ഗോദയിൽ ഉണ്ട്. നാലു സീറ്റുകളിൽ അഞ്ചു വിധം സ്ഥാനാർഥികൾ ഉണ്ട്. ഇതിൽ ഒന്നിലാകട്ടെ ആറ് സ്ഥാനാർഥികളും മത്സരിക്കുന്നു. മൂന്നുപേർ മാത്രം രംഗത്തുള്ള വാർഡ് 14 ൽ ആണ് കടുത്ത മത്സരം നടക്കുന്നത്. ഹാട്രിക് വിജയം നേടിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് യു.ഡി.എഫിന്റെ വി.എ. നദീർ നാലാം അങ്കത്തിന് കച്ചകെട്ടിയത് ഈ വാർഡിലാണ്. ഇദ്ദേഹം സ്ഥിരം വിജയിക്കുന്ന സ്ഥിരം വാർഡ് ഏഴിൽ നിന്നും മാറി 14 ഇറങ്ങിയത് പാർട്ടിയുടെ ഒരു പരീക്ഷണം ആയാണ് വിലയിരുത്തപ്പെടുന്നത്. നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്.

കരുത്തനായ ടി.എസ്. ഷാജുവാണ് നദീറിന്റെ എതിർ സ്ഥാനാർഥി. നേരിയ മുൻതൂക്കം യു.ഡി.എഫിന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡി.വൈ.എഫ്.ഐ ഈ വാർഡിൽ സജീവമാണ് ഇവരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്നും അതിന്റെ പ്രസിഡന്റ് കൂടിയാണ് സ്ഥാനാർഥി എന്നതും തനിക്ക് അനുകൂലമാണെന്ന് ഷാജു പറയുന്നു. പുത്തൻചിറ ഉറ്റു നോക്കുന്നത് ഈ വാർഡിലെ മത്സരമാണെന്ന് പറയാതെ വയ്യ. യു.ഡി.എഫ് ലീഗ് വനിത സ്ഥാനാർഥി മത്സര രംഗത്തുണ്ട്. വാർഡ് 13ലെ യു.ഡി.എഫിന്റെ സീറ്റിൽ മത്സരിക്കുന്ന വാസന്തി സുബ്രഹ്മണ്യൻ ഇതിനകം വലിയ മാർജിനിൽ മുന്നോട്ടു പോയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ട്രോളി എന്ന പേരിൽ ഇവർക്കെതിരെ പരാതി നൽകിയത് തങ്ങൾക്ക് അനുകൂലമായി എന്നാണ് അവകാശപ്പെടുന്നത്. ഇരു മുന്നണികൾക്കിടയിലും അടിയൊഴുക്ക് പ്രതീക്ഷിക്കാവുന്ന പുത്തൻചിറ പഞ്ചായത്തിൽ മത്സരഫലം പ്രവചനാതീതമാണ്. പാർട്ടികൾക്കതീതമായ കൂട്ടുമുന്നണി ഭരണം ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഇത് ആവർത്തിക്കാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പാർട്ടികൾ. ഒരു വാർഡിൽ വിജയിച്ച ബി.ജെ.പി ഭരണകക്ഷിയെ തീരുമാനിക്കുന്ന സ്ഥിതി വന്നിരുന്നു. മുസ്‍ലിം ലീഗ്, വെൽഫെയർ പാർട്ടി എന്നിവരുടെ വോട്ടുകൾ നിർണായകമാകുന്ന വാർഡുകളും ഉണ്ട്..

Tags:    
News Summary - LDF confident in Puthenchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.