കൊരട്ടി: ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതും ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തതും കൊരട്ടിയങ്ങാടി റെയിൽവേ സ്റ്റേഷൻ പ്രവർത്തനത്തിന് പ്രതിസന്ധിയായി. ഇതുമൂലം യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞു. സംസ്ഥാനത്തെ 52 ഹാൾട്ട് സ്റ്റേഷനുകളിൽ കൂടുതൽ വരുമാനം ഉണ്ടായിരുന്ന കൊരട്ടിയിൽ ഇപ്പോൾ പ്രതിദിന വരുമാനം വളരെ തുച്ഛമാണ്.
നാളുകളായി ജനകീയ സമിതിയാണ് ഇതിന്റെ നടത്തിപ്പ്. രാവിലെയും വൈകിട്ടും രണ്ട് ജീവനക്കാരെ വെച്ചുകൊണ്ടാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. അവർക്ക് വേതനം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. നിർത്താനോ തുടരാനോ കഴിയാതെ കൈ പൊള്ളി നിൽക്കുകയാണ് ജനകീയ സമിതിക്കാർ.
കാലത്തും വൈകിട്ടും രണ്ട് വീതം നാല് പാസഞ്ചറുകളാണ് ആകെ ഇവിടെ നിർത്തുന്നത്. എട്ടു ട്രെയിനുകളാണ് നേരത്തെ നിർത്തിയിരുന്നത്. അന്ന് കൂടുതൽ ട്രെയിനുകൾ നിർത്തണമെന്നായിരുന്നു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. എന്നാൽ പകുതിയോളം ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതാവുകയായിരുന്നു.
ഇപ്പോഴാകട്ടെ നിർത്തിയ ട്രെയിനുകൾക്കെങ്കിലും സ്റ്റോപ്പ് വീണ്ടും അനുവദിക്കണമെന്ന അഭ്യർഥനയിലാണ് യാത്രക്കാർ. പാസഞ്ചർ സർവിസിനും ഫാസ്റ്റിന്റെ ടിക്കറ്റ് ചാർജ് കൊടുക്കണമെന്ന അവസ്ഥയാണിപ്പോൾ. തൃശൂർക്ക് 10 രൂപയുണ്ടായിരുന്നത് 30 രൂപയായി.
ഇതോടെ യാത്രക്കാർ കൊരട്ടിയെ കൈവിടുകയാണ്. 50 പേരെങ്കിലും കയറുന്നിടത്ത് അഞ്ച് പേരെ എത്തുന്നുള്ളൂ. ആയിരത്തോളം യാത്രക്കാർ ഉണ്ടായിരുന്നത് ഇപ്പോൾ 100ൽ താഴെയായി. കമ്പ്യൂട്ടർ ടിക്കറ്റ് സംവിധാനം വന്നതോടെ ഇവിടെ സ്വന്തമായി ടിക്കറ്റ് കൊടുക്കാനും കഴിയാത്ത അവസ്ഥയാണ്.
നടത്തിപ്പുകാർ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റ് വാങ്ങി യാത്രക്കാർക്ക് കൊടുക്കേണ്ട ഗതികേടും ഉണ്ട്. ഐ.ടി. പാർക്ക്, കിൻഫ്ര വ്യവസായ പാർക്ക്, കാർബോറാണ്ടം കമ്പനി, നിറ്റ ജലാറ്റിൻ കമ്പനി തുടങ്ങിയ വൻകിട സ്ഥാപനങ്ങളിലേക്കും പോളിടെക്നിക്ക് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി യാത്രക്കാർ കൊരട്ടിയങ്ങാടി സ്റ്റേഷനെ ആശ്രയിച്ചിരുന്നു.
ഹാൾട്ട് സ്റ്റേഷനുകളോട് താൽപര്യമില്ലാത്ത റെയിൽവേയുടെ പുതിയ നയമാണ് കൊരട്ടിക്ക് വിനയാകുന്നത്. അവഗണനകൾക്കിടയിൽ എത്രനാൾ മുന്നോട്ട് പോകാനാവും എന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.