തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പാർട്ടി അംഗങ്ങളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താൻ സി.പി.എം വിയർക്കും. പാർട്ടിക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സി.പി.എമ്മിൽനിന്നു പുറത്താക്കിയ സുജേഷിെൻറ തുറന്നുപറച്ചിൽ സി.പി.എമ്മിനെ കൂടുതൽ കുരുക്കിലാക്കുകയാണ്. ഇതോടൊപ്പം മുൻ ജീവനക്കാരനും പരാതിക്കാരനുമായ എം.വി. സുരേഷ് സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നൽകിയ പരാതിയിൽ നടപടിയുണ്ടാവുമെന്ന മറുപടിയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാർട്ടി കുടുംബങ്ങളിലുൾപ്പെടെ ഇത് എത്തിക്കാൻ കരുവന്നൂരിൽ രൂപംകൊണ്ട വിമത വാട്സ്ആപ് കൂട്ടായ്മയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശ്രമം സി.പി.എമ്മിന് തലവേദനയാണ്.
2020ൽ ഒരു ചാനലിൽ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ തത്സമയ ഫോൺ പരിപാടിയിലാണ് സുരേഷ് കടകംപള്ളിയോട് പരാതിപ്പെട്ടത്. ജോ. രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം 200 കോടിയുടെ തട്ടിപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നുവെന്നും ഇത് പറഞ്ഞതിന് തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടുവെന്നും അടിയന്തരമായി ഇടപെട്ട് ബാങ്കിനെ സംരക്ഷിക്കണമെന്നുമായിരുന്നു സുരേഷിെൻറ പരാതി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രത്യേകമായി ഇടപെട്ട് അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി സുരേഷിന് ഉറപ്പുനൽകുന്നുണ്ട്. പാർട്ടി തലത്തിലും വർഷങ്ങൾക്ക് മുമ്പുതന്നെ ബാങ്കുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെന്നിരിക്കെ ഇപ്പോഴാണ് അറിഞ്ഞതെന്ന പാർട്ടി ന്യായീകരണം പ്രവർത്തകർ പോലും വിശ്വസിക്കുന്നില്ല.
ബാങ്ക് തട്ടിപ്പിനെതിരെ പരാതിപ്പെട്ടതിന് വധഭീഷണിയുണ്ടായി –സുജേഷ്
തൃശൂർ: ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായെന്നും പ്രതികൾക്ക് പാർട്ടിയിൽ ഉന്നത ബന്ധമുണ്ടെന്നും സി.പി.എമ്മിൽനിന്നു പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ്. നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഒറ്റയാൾ സമരം നടത്തിയത്.
2017ൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ സി.പി.എം സമരം നടത്തിയപ്പോൾ താൻ പരാതിപ്പെട്ടിരുന്നു. അന്ന് നടപടിയെടുത്തെങ്കിൽ വിഷയം ഇത്ര ഗുരുതരമാകില്ലായിരുന്നു. പാർട്ടിക്കുള്ളിലെ എതിർപ്പ് അവഗണിച്ചാണ് തട്ടിപ്പിനെതിരെ പോരാടിയത്. പല സമയങ്ങളിൽ തട്ടിപ്പിനെക്കുറിച്ച് ബ്രാഞ്ച്, ഏരിയ കമ്മിറ്റികളിലും ജില്ല കമ്മിറ്റി അംഗങ്ങളോടും പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടില്ല. ജനങ്ങളുടെ ആശങ്കയാണ് നേതാക്കളെ ധരിപ്പിച്ചത്. പക്ഷേ, നടപടി ഉണ്ടായില്ല. പാർട്ടി അംഗങ്ങളായ ക്ഷീരകർഷകരും നെൽകർഷകരുമായ നിരവധിപേർക്ക് ബാങ്കിൽനിന്ന് പണം പിൻവലിക്കാനായില്ല. അങ്ങനെയാണ് സമരത്തിനിറങ്ങിയത്.
പ്രധാന പ്രതി ബിജുകരീമിന് ഉന്നതതല ബന്ധങ്ങളുണ്ട്. അതുകൊണ്ടാണ് ആദ്യം അവരെയെല്ലാം സംരക്ഷിച്ചത്. തനിക്കെതിരെ വധഭീഷണിയുണ്ടായപ്പോൾ എസ്.പിക്ക് പരാതി കൊടുത്തു. ആ പരാതിയും അന്വേഷിച്ചില്ല. എന്നും ഇടതു സഹായാത്രികനായി കഴിയാനാണ് താൽപര്യം. വിശദീകരണം ചോദിക്കാതെയാണ് തന്നെ പുറത്താക്കിയതെന്നും തനിക്കെതിരെ മറ്റൊരു ആരോപണവും ഉയർന്നിട്ടില്ലെന്നും സുജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.