ഉണ്ണികൃഷ്ണനും കുടുംബവും കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നടത്തിയ സമരം
കരുവന്നൂർ ബാങ്കിന് മുന്നിൽ കുടുംബസമേതം പ്രതിഷേധവുമായി നിക്ഷേപകൻ
ഇരിങ്ങാലക്കുട: മകളുടെ വിദ്യാഭ്യാസത്തിനായി കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കുടുംബസമേതം ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി മാടായിക്കോണം സ്വദേശി കാക്കനാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ.
ഇന്ത്യൻ എയർഫോഴ്സ് ഡിഫൻസിൽനിന്ന് വിരമിച്ച ഉണ്ണികൃഷ്ണൻ ആനുകൂല്യങ്ങളെല്ലാം മക്കളുടെ വിദ്യാഭ്യാസത്തെ കരുതി ബാങ്കിൽ നിക്ഷേപിച്ചതായിരുന്നു. 30 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപമുള്ളത്. ഇതിൽ 10 ലക്ഷം തിരികെ ആവശ്യപ്പെട്ട് ബാങ്ക് മാനേജ്മെന്റിന് കത്ത് നൽകിയിട്ട് മൂന്നു മാസം പിന്നിട്ടു. ഇതിനിടയിൽ ആകെ ലഭിച്ചത് 10,000 രൂപ മാത്രമാണ്.
മെഡിക്കൽ വിദ്യാർഥിയായ മകളുടെ പഠനാവശ്യത്തിന് പണം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിക്കും സഹകരണവകുപ്പിനും എം.എൽ.എക്കും എ.ആർ. ഓഫിസിലും വരെ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഇതോടെയാണ് ഭാര്യ ഷീബക്കും മകൾ ആതിഥിക്കുമൊപ്പം ഉണ്ണികൃഷ്ണൻ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരത്തിന് എത്തിയത്. ബന്ധപ്പെട്ടവർ എത്രയും വേഗം ഇടപെട്ട് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള നിക്ഷേപം തിരികെ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.