തൃശൂർ: പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിനും കെ.എസ്.ഇ.ബിയുടെ ചെറുകിട വൈദ്യുത ഉൽപാദന നിലയം വഴി മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. നാല് സ്പില്‍വേ ഷട്ടറുകളും തിങ്കളാഴ്ച രാവിലെ 11ന് രണ്ട് ഇഞ്ച് വീതം തുറക്കും. ഇതൊടൊപ്പം കെ.എസ്.ഇ.ബി ചെറുകിട വൈദ്യുത ഉൽപാദന നിലയം വഴിയും വെള്ളം പുഴയിലേക്ക് ഒഴുക്കും. ഉച്ചക്ക് രണ്ടിന് നാല് സ്പില്‍വേ ഷട്ടറുകളും രണ്ട് ഇഞ്ച് കൂടി ഉയര്‍ത്തി ആകെ നാല് ഇഞ്ച് ഉയര്‍ത്തും.
നിലവിൽ 79.25 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ 77.62 മീറ്റർ വെള്ളമുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് ഷട്ടറുകൾ തുറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് മുൻകരുതലായി പകൽ ഘട്ടംഘട്ടമായി വെള്ളം പുറത്തുവിടുന്നത്.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വൈദ്യുത നിലയം വഴി സെക്കൻഡിൽ അഞ്ച് ഘനമീറ്റർ നിരക്കിലും ആവശ്യാനുസരണം സ്പിൽവേ ഷട്ടറുകൾ പരമാവധി നാല് ഇഞ്ച് വരെയും മാത്രമായിരിക്കും തുറക്കുക.
വെള്ളം തുറന്നുവിടുന്നതോടെ മണലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ശരാശരി 60 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രളയദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തയാറെടുപ്പുകൾ നടത്താൻ തഹസിൽദാർമാർക്കും കലക്ടർ നിർദേശം നൽകി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.