മുളങ്കുന്നത്തുകാവ്: തോളൂരിൽ വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുണ്ട്. ആഭരണങ്ങൾ വിൽക്കാൻ ഏൽപിച്ച രണ്ട് സ്തീകളും പിടിയിലായി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പട്ടിക്കാട് പാണഞ്ചേരി സന്തോഷ് എന്ന കൽക്കി സന്തോഷ് (44), മോഷണമുതലുകൾ വിൽക്കുന്നതിനും മറ്റും സഹായിച്ച മണലൂർ ഏങ്ങണ്ടി സജിത (46), കൊടുങ്ങല്ലൂർ കാരിയെഴുത്ത് അഖില (35) എന്നിവരെയാണ് പേരാമംഗലം പൊലീസും തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും തൃശൂർ അസി. പൊലീസ് കമീഷണറുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന ഷക്കീറിന്റെ വീട്ടിൽ ഈ മാസം ഇരുപതിനാണ് മോഷണം നടന്നത്. പുറകുവശം വാതിൽ തകർത്താണ് കള്ളന്മാർ അകത്ത് കയറിയത്.
ഓണക്കാലം ആയതിനാൽ കടയടക്കാൻ വൈകിയ വീട്ടുടമ രാത്രി ഒന്നിന് കച്ചവടം അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കർണാടകയിലെ സ്വർണ മോഷണ കേസിലും സന്തോഷിന് ബന്ധമുണ്ട്. മോഷ്ടിച്ച പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിക്കാറ്.
സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിറ്റി സ്പെഷൽ ബ്രാഞ്ച് അസി. പൊലീസ് കമീഷണർ ബിജോയ്, തൃശൂർ പൊലീസ് അസി. കമീഷണർ രാജേഷ്, പേരാമംഗലം ഇൻസ്പെക്ടർ വിനോദ്, എസ്.ഐ അജ്മൽ, തൃശൂർ സിറ്റി സാഗോക് ടീം അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ പി.കെ. പഴനിസ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കുന്നംകുളം മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.