തൃശൂർ: കോർപറേഷനും തൃശൂർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാപ്പി ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 16 മുതൽ ജനുവരി 15വരെ വിവിധ പരിപാടികളോടെ നടക്കും. കൗതുകങ്ങളുടെയും അത്ഭുതങ്ങളുടെയും കമനീയ കാഴ്ചകളുമായി അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഷോപ്പിങ് ഉത്സവമൊരുക്കുക.
കോവിഡ് തളർത്തിയ വ്യാപാര മേഖലയിലേക്ക് ജനങ്ങളെ ആകർഷിക്കുകയും പുതുമയേറിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളെയും വിവിധ വ്യാപാരി സാംസ്കാരിക സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും ഫെസ്റ്റിവെലെന്ന് ഹാപ്പി ഡേയ്സ് ചെയർമാനും കോർപറേഷൻ മേയറുമായ എം.കെ. വർഗീസും സംഘാടക സമിതി ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തേക്കിൻകാട് മൈതാനം, ശക്തൻ നഗർ, പടിഞ്ഞാറെ കോട്ട, കിഴക്കേകോട്ട എന്നിവിടങ്ങളിലെ സ്ഥിരം വേദികൾക്കുപുറമെ സഞ്ചരിക്കുന്ന വേദികളിലും ദിവസവും വൈകീട്ട് കലാപരിപാടികൾ അരങ്ങേറും. ഇന്റർനാഷനൽ ട്രേഡ് ഫെയർ, നഗരശുചീകരണം, മോട്ടോർ റേസ്, മോട്ടോർ ഷോ, പാരമ്പര്യ കലാപ്രകടനങ്ങൾ, ഇൻറർനാഷനൽ സ്കൾപ്ചർ ആർട്ട്, ജന പങ്കാളിത്തത്തോടെ സ്ട്രീറ്റ് പെയിൻറിങ്സ്, നാടകങ്ങൾ തുടങ്ങിയവയും ഒരുക്കും.
ശക്തൻ നഗറിൽ പവലിയൻ എക്സ്പോ, ഉപയോഗശൂന്യമാകുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള സ്ക്രാപ് ആർട്ട്, ഒരാഴ്ച നീളുന്ന ഫാഷൻ ഷോ, വഞ്ചിക്കുളത്തെ ബോട്ടിങ്, ഫുഡ് സ്ട്രീറ്റ്, അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന ഡ്രംഫെസ്റ്റ്, സൈക്കിളിങ്, സ്കേറ്റിങ്, ഫുട്ബാൾ മത്സരം എന്നിവയുമുണ്ടാകും.
നഗരത്തെ മോടി പിടിപ്പിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നതിനൊപ്പം എല്ലാ ഇടങ്ങളിലും കുടിവെള്ളം സ്ഥിരമായി നൽകുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. തൃശൂർ നഗരവും സ്ഥാപനങ്ങളും വൈദ്യുത ദീപാലംകൃതമാക്കുകയും ചെയ്യും.
വളർത്തുമൃഗങ്ങളുടെയും പൂക്കളുടെയും പ്രദർശനം, ഇൻറർനാഷനൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, അപകട രഹിതമായ ഇലക്ട്രിക്ക് ഫയർ വർക്സ്, ഡി.ജെ മത്സരം, ന്യൂ ഇയർ ദിനത്തിൽ റിമി ടോമിയും സമാപന ദിവസം സംഗീത സംവിധായകൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത പരിപാടികളും എന്നിവയും നടക്കും. കൂപ്പണുകൾ വഴി നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനാവും. 2019 ലാണ് ഹാപ്പി ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് നടക്കുന്നത്.
വാർത്തസമ്മേളനത്തിൽ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റും ഹാപ്പി ഡേയ്സ് കൺവീനറുമായ പി.കെ. ജലീൽ, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.