ഗുരുവായൂര്‍: ബഹുനില പാര്‍ക്കിങ് സമുച്ചയത്തിലെ നിരക്ക് നിശ്ചയിക്കുന്നതില്‍ കൗണ്‍സിലില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. ലാഭം നോക്കിമാത്രം നിരക്ക് നിശ്ചയിക്കേണ്ടെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞപ്പോള്‍ ലാഭം നോക്കാതിരിക്കാനാവില്ലെന്നായിരുന്നു സെക്രട്ടറി ബീന എസ്. കുമാറിന്റെ നിലപാട്. പ്രതിപക്ഷത്തും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ല. ഇളവുകള്‍ വേണമെന്ന് കോണ്‍ഗ്രസിലെ കെ.പി. ഉദയനും കെ.പി.എ. റഷീദും ആവശ്യപ്പെട്ടു. എന്നാല്‍ ലാഭകരമായ നിരക്ക് തന്നെ നിശ്ചയിക്കണമെന്ന നിലപാടിലായിരുന്നു മുസ്ലിം ലീഗ് പ്രതിനിധി മെഹറൂഫ്. വിലപിടിച്ച കാറുകളിലെത്തുന്നവര്ക്ക് 30 രൂപയൊക്കെ നിസാര സംഖ്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീര്‍ഥാടകരെന്ന നിലക്ക് ഇളവ് വേണമെന്നായിരുന്നു ബി.ജെ.പിയിലെ ശോഭ ഹരിനാരായണന്റെ നിര്‍ദേശം. ഇന്നോവ പോലുള്ള വാഹനങ്ങളെ കാറിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന എ.എം. ഷെഫീറിന്റെ നിര്‍ദേശം അംഗീകരിച്ചു. പാര്‍ക്കിങ് ഒഴികെയുള്ള സമുച്ചയത്തിന്റെ നടത്തിപ്പില്‍ തീരുമാനം വേണമെന്ന് എ.എസ്. മനോജ് നിര്‍ദേശിച്ചു. തദ്ദേശവാസികള്‍ക്ക് സൗജന്യം വേണമെന്ന് ആര്.വി. ഷെരീഫ് ആവശ്യപ്പെട്ടു. വിഷയം ധനകാര്യ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് പ്രഫ. പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി. കാറിന് നാല് മണിക്കൂര്‍ വരെ 30 രൂപയായാണ് നിശ്ചയിച്ചത്. തുടര്‍ന്ന് 12 മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 10 രൂപ വീതം അധികം നല്‍കണം.
അതിന് മുകളില്‍ 24 മണിക്കൂര്‍ വരെ അഞ്ച് രൂപയാണ് അധികം നല്‍കേണ്ടത്. ബൈക്കിന് നാല് മണിക്കൂര്‍ വരെ 10 രൂപയാണ്. ബസിന് 100 രൂപയാണ് നിരക്ക്. സമുച്ചയത്തിലെ ശുചിമുറികളടെ നടത്തിപ്പും നിരക്കും പിന്നീട് നിശ്ചയിക്കും. ഇവിടെയുള്ള കഫ്ത്തീരയയുടെ നടത്തിപ്പ് സംബന്ധിച്ചും പിന്നീട് തീരുമാനിക്കും. നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ കൊള്ള നിരക്കാണ് ഈടാക്കുന്നതെന്ന് യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും അമിത നിരക്ക് ഈടാക്കുന്നത് തുടര്‍ന്നാല്‍ കരാര്‍ റദ്ദാക്കുമെന്നും ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു. പടിഞ്ഞാറെ നടയിലെ റസ്റ്റ് ഹൗസ് 15 വര്‍ഷത്തേക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന് നല്കാന് തീരുമാനിച്ചു. എ.വി. അഭിലാഷ്, ഫൈസല്‍ പൊട്ടത്തയില്‍, സി.എസ്. സൂരജ്, പി.പി. വൈഷ്ണവ്, പി.കെ. നൗഫല്‍, ദിവ്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.