തൃശൂർ: പൂരം വെടിക്കെട്ട് കാണാൻ കഴിയാത്തത് സംബന്ധിച്ച പരാതിക്ക് പരിഹാരമായേക്കും. സ്ഥലത്തിന്റെ ദൂരപരിധിയും സുരക്ഷ സാഹചര്യങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ട് തഹസിൽദാർ വ്യാഴാഴ്ച കലക്ടർക്ക് സമർപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിതല യോഗത്തിൽ വെടിക്കെട്ട് കാണാനാവുമോയെന്നതിൽ തീരുമാനമാവും.
വെടിക്കെട്ട് കൂടുതൽ പേർക്ക് കാണാൻ കഴിയുമോയെന്നറിയാൻ പെസോ ഉദ്യോഗസ്ഥർ, തഹസിൽദാർ, പൊലീസ്, അഗ്നിരക്ഷ സേന എന്നിവരുടെയും ദേവസ്വം പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം ദൂരപരിധി അളന്നു. 100 മീറ്റർ ദൂര പരിധിയാണ് പെസോ നിർദേശം.
എന്നാൽ, സുരക്ഷസൗകര്യങ്ങളും വെടിക്കെട്ട് നടക്കുന്ന പ്രദേശവും ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അളവും കണക്കിലെടുത്ത് 70 മീറ്റർ ആക്കി പരിഗണിച്ചാൽ കൂടുതൽ പേർക്ക് സൗകര്യപ്രദമായി വെടിക്കെട്ട് കാണാനാവും. ഇക്കാര്യം ദേവസ്വങ്ങൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിലെ പോലെ പൂർണമായും റൗണ്ട് അടച്ചുകെട്ടേണ്ട സാഹചര്യവും ഒഴിവാക്കിയാലും സുരക്ഷയോടെ സൗകര്യമാകും. ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് സ്ഥലത്തോടു ചേർന്നുള്ള റൗണ്ടിന്റെ ഭാഗം ഒഴികെയുള്ള സ്ഥലത്ത് ആളുകളെ പ്രവേശിപ്പിക്കാമെന്ന സാധ്യത ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നു.
എം.ഒ റോഡ് മുതൽ രാഗം തിയറ്റർ വരെയുള്ള ഭാഗത്ത് പാറമേക്കാവ് വിഭാഗത്തിന് പൂർണമായും ആളുകളെ പ്രവേശിപ്പിക്കാൻ കഴിയില്ല. അതേസമയം, ഇവിടെനിന്ന് നടുവിലാൽ വരെയുള്ള ഭാഗത്ത് റൗണ്ടിൽ പൂർണമായും ആളുകൾക്ക് നേരത്തേ പ്രവേശിപ്പിച്ചിരുന്നതുപോലെ അനുവദിക്കാനാവും. സാമ്പിൾ വെടിക്കെട്ടിന് ഇങ്ങനെ ഉപയോഗിക്കുമ്പോൾ പ്രധാന വെടിക്കെട്ടിന് ഈ ഭാഗത്ത് ഔട്ടർ റൗണ്ടിലേക്ക് ഒതുക്കിയാൽ മതിയാകും.
ജനറൽ ആശുപത്രി മുതൽ എം.ഒ റോഡ് വരെയുള്ള സ്ഥലത്തും ആളുകളെ പ്രവേശിപ്പിക്കാം. തിരുവമ്പാടി ഭാഗത്ത് നടുവിലാലിലും നായ്ക്കനാലിലും ഔട്ടർ റൗണ്ടിൽ മാത്രമേ ആളുകളെ അനുവദിക്കാൻ കഴിയു. എങ്കിലും തീരെ കയറാൻ കഴിയില്ലെന്ന പരാതി പരിഹരിക്കാനാവും.
വെടിക്കെട്ട് നടക്കുന്ന തേക്കിൻകാടിന്റെ അതിർത്തിയിൽ ഫയർബാൻഡിനോട് ചേർന്ന് 100 മീറ്റർ എന്നനിലയിലാണ് ബുധനാഴ്ച പെസോയുടെ നേതൃത്വത്തിലുള്ള സംഘം അളന്നത്. ദൂരപരിധി 70 മീറ്ററാക്കി കുറയ്ക്കണമെന്ന ആവശ്യം ദേവസ്വങ്ങൾ മുന്നിലേക്ക് വെച്ചെങ്കിലും അളക്കാൻ കൂട്ടാക്കിയില്ല.
70 മീറ്റർ ദൂരപരിധി അംഗീകരിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് റൗണ്ടിൽ പ്രവേശിച്ച് വെടിക്കെട്ട് സൗകര്യപൂർവം കാണാൻ കഴിയും. കഴിഞ്ഞദിവസം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും കലക്ടറും നടത്തിയ ചർച്ചയിലാണ് വീണ്ടും അളക്കുകയെന്ന തീരുമാനത്തിലെത്തിയത്.
സ്ഥലം അളന്നതിന്റെയും പെസോ പൊലീസ്, അഗ്നിരക്ഷസേന എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയ സമഗ്ര റിപ്പോർട്ട് ആണ് കലക്ടർക്ക് തഹസിൽദാർ നൽകുന്നത്. 14ന് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ എന്നിവരും കലക്ടർ, പെസോ, പൊലീസ്, അഗ്നിരക്ഷസേന, റവന്യൂ വകുപ്പുകൾ, കൊച്ചിൻ ദേവസ്വം ബോർഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.