തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തേക്കിൻകാട് മൈതാനിയിലെ പരിപാടികളടക്കമുള്ള ഉപയോഗങ്ങൾക്ക് ഹൈകോടതി നിയന്ത്രണം. പരസ്യബോര്‍ഡുകളോ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ പാടില്ലെന്നും റോക്ക് ബാൻഡ് സംഗീതപരിപാടികളും അനുവദിക്കരുതെന്നും തേക്കിന്‍കാട് പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ കോടതി അനുവദിച്ച പരിപാടികൾക്ക് പുറത്ത് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ കോടതി അനുമതി വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
തൃശൂർ അയ്യന്തോൾ സ്വദേശി കെ.ബി. സുമോദ് നൽകിയ റിട്ട് പരാതിയിലാണ് ഹൈകോടതിയുടെ കർശന ഇടപെടൽ. ചീഫ് സെക്രട്ടറി, ദേവസ്വം വകുപ്പ് സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോര്‍ഡ്, സ്പെഷല്‍ ദേവസ്വം കമീഷണര്‍, ജില്ല കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കോർപറേഷൻ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി.
തൃശൂർ പൂരവും അതോടനുബന്ധിച്ച് നടക്കുന്ന പൂരം പ്രദർശനത്തിനും ആയല്ലാതെ മറ്റൊരു പരിപാടികൾക്കും ക്ഷേത്രഭൂമി അനുവദിക്കരുതെന്ന് 2013ൽ തന്നെ ഹൈകോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും ഈ ഉത്തരവ് പാലിക്കുന്നതിൽ ദേവസ്വം ബോർഡ് ശ്രദ്ധ കാണിക്കണമെന്ന് കോടതി നിർദേശിക്കുന്നു.
ദേവസ്വം ഭൂമി ദേവസ്വം ബോർഡ് സംരക്ഷിക്കണം, അതിൽ വീഴ്ച വരുത്തുന്നത് ഗൗരവമായ കുറ്റമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ ഇനി രാഷ്ട്രീയ പാർട്ടികളുടേതടക്കമുള്ള പരിപാടികൾക്ക് മുൻകൂർ അനുമതി വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.