കാഞ്ഞാണി-തൃശൂർ റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ
കൊടുങ്ങല്ലൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ട് ഭീഷണി ഏറ്റവും കൂടുതൽ ബാധിക്കുന്ന എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ ക്യാമ്പ് സജ്ജീകരിക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ ഏത് സമയത്തും ആരംഭിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്. മഴയും കാലവർഷക്കെടുതികളും കാരണമുള്ള ഏത് പ്രതിസന്ധിയും നേരിടാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് തഹസിൽദാർ കെ. രേവ പറഞ്ഞു. പൊലീസ്, അഗ്നിരക്ഷ സേന, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം അതീവ ജാഗരൂകരാണ്. താലൂക്കിൽ ഇതുവരെയായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടപ്പുറം പുഴയിലും പുല്ലൂറ്റ് കനോലി കനാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരുതോട്-വലിയതോടും നിറഞ്ഞ നിലയിലാണ്. വേലിയേറ്റ സമയങ്ങളിൽ കടലേറ്റമുണ്ടെങ്കിലും ശക്തമല്ലാത്തതിനാൽ വലിയ തോതിൽ വെള്ളം കയറിയിട്ടില്ല.
മുന്നൊരുക്കവുമായി അധികൃതർ
കൊടുങ്ങല്ലൂർ: താലൂക്കിലെ മഴക്കെടുതി സാധ്യതകൾ മുന്നിൽ കണ്ട് സജ്ജീകരണങ്ങളൊരുക്കി അധികൃതർ. മഴപ്പെയ്ത്ത് കൂടിയും കുറഞ്ഞും നിലനിൽക്കുന്ന മേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കൊടുങ്ങല്ലുർ ബൈപാസിൽ പലയിടത്തും പതിവുപോലെ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. സി.ഐ ഓഫിസ് പരിസരത്തെ സർവിസ് റോഡിലും മറ്റുമാണ് വലിയ തോതിൽ വെള്ളം ഉയരുന്നത്. മഴ ഒഴിയുന്നതോടെ ഒരുപരിധി വരെ വെള്ളവും വലിയാറുണ്ടെങ്കിലും യാത്രക്കാരെയും പരിസരവാസികളെയും ബുദ്ധിമുട്ടിലാക്കുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഇനിയും അധികൃതർ തയാറായിട്ടില്ല.
താലൂക്കിൽ എടതിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ ചിലയിടങ്ങളിലാണ് കാര്യമായ വെള്ളക്കെട്ട് ഉണ്ടായത്.കനോലി കനാൽ ഉൾപ്പെടെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ആശങ്കയില്ല.എങ്കിലും ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ അറിയിച്ചു.
സഹായവുമായി സഹചാരി
വാടാനപ്പള്ളി: മഴക്കെടുതിയെ തുടർന്നുള്ള എന്ത് സഹായത്തിനും തൃത്തല്ലൂർ വെസ്റ്റ് ടീം സഹചാരി സെൻറർ ഒരുങ്ങി. മണ്ണിടിച്ചിലോ, വെള്ളം കയറിയോ ഉണ്ടാകുന്ന അപകടങ്ങളിൽ ഒരു വിളിപ്പാടകലെ സഹചാരിയുണ്ടാകും.
അപകടത്തിൽപെടുന്നവരെ രക്ഷാപ്രവർത്തനം നടത്താൻ വാഹനമടക്കമുള്ള സജീകരണവുമായി ഓടിയെത്തും. വേണ്ട സഹായം ഒരുക്കും. ആശുപത്രി സൗകര്യവും ഏർപ്പെടുത്തും. ഫോൺ: ജാബിർ -9605900942, റിനാസ് -9961381427, സാബിർ -9744430055, ഫർഹാൻ -9995356038.
കുണ്ടുകാട് വയോധികനെ കാണാതായി
വടക്കാഞ്ചേരി: കുണ്ടുകാട് വയോധികനെ കാണാതായി. സമീപത്തെ തോട്ടിൽ തിരച്ചിൽ തുടരുന്നു. കുണ്ടുകാട് നിർമല സ്കൂളിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപകൻ ജോസഫിനെയാണ് (72) കാണാതായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിൽ നിന്നിറങ്ങിയ ഇയാളുടെ കുട വീട്ടുവളപ്പിന് സമീപത്തെ തോട്ടിൻകരയിൽ കാണപ്പെട്ടു. വടക്കാഞ്ചേരി പൊലീസും ഫയർ ഫോഴ്സും തോട്ടിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി
കയ്പമംഗലം: തീരദേശത്ത് കനത്ത മഴ തുടരുന്നു. കനോലി കനാൽ കരകവിഞ്ഞു. നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി. കയ്പമംഗലത്തും എടത്തിരുത്തിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ തീരദേശം വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളും ഉൾനാടൻ റോഡുകളും വെള്ളക്കെട്ടിലായി.
വൈകീട്ടോടെ കനോലി കനാൽ കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. എടത്തിരുത്തി അയ്യൻപടി കോളനി, സിറാജ് നഗർ, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, ചളിങ്ങാട് പാലിയം ചിറ, കാക്കാത്തിരുത്തി, പെരിഞ്ഞനം കോവിലകം, കുറ്റിലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നിയിൽ തോടുകൾ കവിഞ്ഞ് ദേശീയ പാതയിലൂടെയാണ് ഒഴുകുന്നത്. ചെന്ത്രാപ്പിന്നി വായനശാല, ഹൈസ്കൂൾ, ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ്, കാളമുറി ചളിങ്ങാട്, ഏറാക്കൽ തുടങ്ങിയ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
കയ്പമംഗലം എൽ.ബി.എസ് കോളനി, സെറ്റിൽമെൻറ് കോളനി എന്നിവിടങ്ങളിൽ മുഴുവൻ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചില വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തുള്ളവർ ബന്ധുവീടുകളിലേക്കും, ദുരിതാശ്വാസ ക്യാമ്പിലേക്കും മാറി.
കയ്പമംഗലം പഞ്ചായത്തിൽ കാക്കാത്തിരുത്തി മദ്റസയിലും പള്ളിനട ആർ.സി.യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 28 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. എടത്തിരുത്തി പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. രണ്ട് കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇ.ടി. ടൈസൺ എം.എൽ.എ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ശോഭന രവി, വൈസ് പ്രസിഡൻറ് ബീന സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ഷെഫീഖ്, ഇസ്ഹാക്ക് പുഴങ്കരയില്ലത്ത് എന്നിവർ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.
വെള്ളത്തിൽ മുങ്ങി പാടശേഖരം; നെൽകൃഷി നാശത്തിലേക്ക്
അന്തിക്കാട്: കനത്ത മഴയിൽ പാടശേഖരം വെള്ളത്തിലായി. ഇതോടെ നെൽകൃഷി നശിക്കാൻ സാധ്യതയേറി. ചണ്ടിയും കുളവാഴയും കുപ്പി പാട്ടകളും മറ്റും വന്നടിഞ്ഞ് അന്തിക്കാട് കോൾ പാടശേഖരത്തിലേക്കുള്ള ഉൾതോടുകളിലെ ഒഴുക്ക് നിലച്ചു.മഴ ശക്തിപ്പെട്ടതോടെ അന്തിക്കാട് കല്ലിടവഴിക്കാരായ അബ്ദുസ്സലാം കിഴുവാലിപറമ്പിൽ, മുഹമ്മദ് റാഫി, കുഞ്ഞുക്ക, എ.എ. നാസു എന്നിവരുടെ നേതൃത്വത്തിൽ ഒഴുക്ക് നിലച്ച പരപ്പൻ ചാലിൽ ഇറങ്ങിയാണ് തടസ്സം നീക്കിയത്.ഇവിടെനിന്നുള്ള വെള്ളമൊഴുക്ക് സുഗമമായെങ്കിലും കാഞ്ഞാണി പെരുമ്പുഴയിൽ ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണം. പെരുമ്പുഴ പാലത്തിെൻറ വടക്കോട്ട് ഒഴുക്ക് നിലച്ചതിനാൽ തെക്ക് ഭാഗത്ത് വെള്ളം നിറഞ്ഞു.
ആലപ്പാട്, പുള്ള്, പുറത്തൂർ, അന്തിക്കാട്, കോൾ പാടശേഖരങ്ങളിൽനിന്നുള്ള മഴവെള്ളം കാഞ്ഞാണി പെരുമ്പുഴയിലൂടെ വടക്കോട്ടൊഴുകി വേണം ഏനാമാക്കൽ റെഗുലേറ്റർ വഴി കടലിലെത്താൻ. ഈ സംവിധാനമാണ് നിലവിൽ സ്തംഭിച്ചത്. മണലൂർ താഴം കോൾ പാടശേഖരത്തിൽ കൃഷിയിറക്കിയിട്ടുള്ളതിനാൽ പടവുമായി ബന്ധപെട്ട മുഴുവൻ ഓവുകളും അടച്ചതും വെള്ളമൊഴുകാൻ തടസ്സമായി.മഴ തുടരുകയാണെങ്കിൽ ഏറെ വൈകാതെ മണലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഭാഗികമായും ആറാം വാർഡ് പൂർണമായും കെടുതിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.മണലൂർ, അരിമ്പൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട്, അന്തിക്കാട്, പ്രദേശങ്ങളിൽ വെള്ളം ഉയർന്നിട്ടുണ്ട്. നിരവധി റോഡുകളും വിത്തിറക്കിയ പാടങ്ങളും വീണ്ടും വെള്ളത്തിലായി. ഞായറാഴ്ച ഉച്ചയോടെ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിെൻറ ആശ്വാസത്തിലായിരുന്ന കർഷകരുടെ മുഴുവൻ പ്രതീക്ഷകളെയും തകിടം മറിക്കുന്ന രീതിയിലാണ് ഉച്ചക്കുശേഷം തോരാമഴ പെയ്തത്.
അന്തിക്കാട് റോഡ് മുങ്ങി; യാത്രാദുരിതം
അന്തിക്കാട്: മണിക്കൂറോളം നീണ്ട കനത്ത മഴയിൽ ഏറെ തിരക്കുള്ള അന്തിക്കാട് റോഡ് വെള്ളത്തിൽ മുങ്ങി. ഇതോടെ യാത്ര ദുഷ്കരമായി. വാഹനത്തിരക്കുള്ള അന്തിക്കാട് ആൽ സെൻററിലെ വെള്ളക്കെട്ടിന് ഇതുവരെയും പരിഹാരമായില്ല.വെള്ളക്കെട്ടിന് കാരണം അഴുക്കുചാൽ ഇല്ലാത്തതെന്ന പരാതിയെ തുടർന്ന് പി.ഡബ്ല്യു.ഡി കാന നിർമിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതിൽ നിറയുന്ന വെള്ളം പുറത്തേക്ക് കളയാനുള്ള നടപടി അന്തിക്കാട് പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വലുതും ചെറുതുമായ നിരവധി കുഴികളോടെ തകർന്നു കിടക്കുന്ന റോഡ് മഴയിൽ ആൽ സെൻറർ മുതൽ പാന്തോട് വരെ പുഴക്ക് സമാനമാണ്. വലിയ വാഹനങ്ങൾ പോലും ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും കുഴികളിൽ വീണ് പരിക്കേൽക്കുന്നതും പതിവാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വെള്ളം കയറിയ ഭാഗങ്ങൾ എം.എൽ.എ സന്ദർശിച്ചു
എളവള്ളി: വാക കാക്കത്തുരുത്ത് ഭാഗം മുരളി പെരുനെല്ലി എം.എൽ.എ സന്ദർശിച്ചു. കേച്ചേരിപ്പുഴയിലെ തടസ്സങ്ങൾ നീക്കാൻ തുരുത്ത് നിവാസികളുടെ ആവശ്യത്തെ തുടർന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവിട്ട് നിർമിക്കാനുദ്ദേശിക്കുന്ന ആറു മീറ്റർ വീതിയും ആറു മീറ്റർ നീളവുമുള്ള പാലത്തിെൻറ ടെൻഡർ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് എം.എൽ.എ അറിയിച്ചു. വെള്ളക്കെട്ടിന് ഇത് ഒരു പരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നത്. കാക്കത്തുരുത്തിെൻറ കിഴക്കേ അതിർത്തിയായ കേച്ചേരിപ്പുഴയിലെ തടസ്സങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് തിരുത്ത് നിവാസികൾ അറിയിച്ചു.
വാഴാനി ഡാമിൽനിന്ന് ഒഴുകിവരുന്ന വെള്ളം കേച്ചേരിപ്പുഴയിലൂടെയാണ് കെ.എൽ.ഡി.സി കനാലിലേക്ക് എത്തിച്ചേരുന്നത്. പുഴയിൽ എളവള്ളി അതിർത്തി ആരംഭിക്കുന്ന പുരന്തര ഭാഗത്ത് വലിയ പാറക്കെട്ട് നീരൊഴുക്കിന് തടസ്സമായി നിൽക്കുന്നുണ്ട്. പഞ്ചായത്തിെൻറ അതിർത്തി വാക വരെ മൺതിട്ടകളും കൈതക്കാടുകളും പുഴയിൽ നിറഞ്ഞുനിൽക്കുകയാണ്. ഒഴുക്കിന് തടസ്സമായ ഇവ അടിയന്തരമായി നീക്കംചെയ്യാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടും. ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കേച്ചേരിപ്പുഴയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
ഭാരതപ്പുഴ രാത്രി കലക്ടർ സന്ദർശിച്ചു
ചെറുതുരുത്തി: ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കലക്ടർ ഹരിത വി. കുമാർ ഞായറാഴ്ച വൈകീട്ട് 7.30ന് സന്ദർശിച്ചു. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം കടവും കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ ഒന്നാം മൈൽ പ്രദേശത്തെ വിവിധ വീടുകളും സന്ദർശിച്ചു. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടുകയാണെങ്കിൽ അടിയന്തര നടപടി കൈക്കൊള്ളാൻ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദറിനും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
കനത്ത മഴ: കുന്നംകുളത്ത് 20 വീടുകൾ വെള്ളത്തിൽ
കുന്നംകുളം: മഴ ശക്തമായതോടെ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വടുതല, ആർത്താറ്റ് മേഖലകളിലായി 20ഓളം വീടുകളിൽ വെള്ളം കയറി. കുന്നംകുളം നെഹ്റു നഗറിൽ വീടിെൻറ കിണറും പടിക്കെട്ടും തകർന്നുവീണതോടെ ഭീഷണി നേരിടുന്ന സമീപവാസിയെ മാറ്റിപ്പാർപ്പിച്ചു. നെഹ്റു നഗറിൽ പൂർണിമ ഭവനിൽ രാജൻ ബാബുവിെൻറ വീട്ടുകിണറാണ് ഇടിഞ്ഞത്. സമീപത്തെ പുലിക്കോട്ടിൽ പീറ്ററിെൻറ വീടിന് ഭീഷണിയായതോടെ അവരെ മാറ്റിപ്പർപ്പിച്ചു. ഞായറാഴ്ച പല സമയങ്ങളിലായാണ് മണ്ണിടിച്ചിലുണ്ടായത്.
വടുതല വാർഡിൽ കരിയന്തടം, വട്ടംപാടം, കലയംകുളം മേഖലയിലെ എട്ട് വീട്ടുകാരെ വെള്ളം കയറിയതോടെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആർത്താറ്റ് സൗത്ത് വാർഡിലെ പുളിക്കപറമ്പ് പ്രദേശത്ത് 10 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കുന്നംകുളം കാണിപയ്യൂർ യൂനിറ്റി ആശുപത്രിയിലും സമീപത്തെ തിരുവോണം അപ്പാർട്മെൻറിലും രണ്ടടിയോളം വെള്ളം പൊങ്ങി. അയ്യംപറമ്പ്, വൈശേരി പ്രദേശത്തെ ഓരോ വീടുകൾ ഭാഗികമായി തകർന്നു. ചെമ്മണൂർ നോർത്ത് വാർഡിൽ സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം നഗരത്തിൽ ഭാവന റോഡും വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതുമൂലം ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
വെള്ളക്കെട്ട് രൂക്ഷം; കൺട്രോൾ റൂമുകൾ സജ്ജം
കുന്നംകുളം: കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപ റോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു. പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ് ട്രഷറി ഓഫിസ് വരെയുള്ള 20ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.
നഗരസഭയിലെ വടുതല വട്ടംപാട്ടം മേഖലയിലും ചാട്ടുകുളം മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വട്ടംപാടം കരിയന്തടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ രണ്ടു ഗ്രൂപ്പുകളായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നഗരത്തിലെ പട്ടാമ്പി റോഡ്, ഗുരുവായൂർ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. സമീപത്തെ കാണിപ്പയ്യൂർ ആശുപത്രി കോമ്പൗണ്ടിലും വെള്ളം കയറി. നിലവിൽ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇല്ലെന്ന് തഹസിൽദാർ അറിയിച്ചു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. (ഫോൺ: 04885-225711). പ്രതിരോധ ഏകോപന പ്രവർത്തനങ്ങൾക്ക് കുന്നംകുളം താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായതായി തഹസിൽദാർ അറിയിച്ചു. (ഫോൺ: 04885 225700, 225200). ഇതിനു പുറമെ കാലവര്‍ഷക്കെടുതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേലൂര്‍ ഗ്രാമ പഞ്ചായത്തിലും (ഫോൺ: 04885 285431) കടവല്ലൂർ ഗ്രാമപഞ്ചായത്തിലും (ഫോൺ: 04885 280770) കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പുത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വെട്ടുക്കാട് ചിറ്റകുന്ന്്, കോക്കോത്ത് പ്രദേശങ്ങളിൽ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് പോയി. ഇവര്‍ക്കുവേണ്ടി പുത്തൂര്‍ ഗവ. എല്‍.പി സ്കൂളിലും വെട്ടുകാട് സെൻറ് ജോണ്‍ അക്കാദമിയിലും ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു.
പുഴമ്പള്ളത്ത്് പെയ്ത ശക്തമായ മഴയില്‍ പള്ളം പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറി ചില കുടുംബങ്ങളെ താര്‍ക്കാലികമായി മരത്താക്കര സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. പീച്ചി ഡാം തുറന്നതിനാല്‍ പുഴയുടെ പരിസരത്ത് താമസിക്കുന്ന വീട്ടുകാര്‍ അപകട ഭീഷണിയിലാണ്. പീച്ചി ഡാമിെൻറ വൃഷ്ടി പ്രദേശത്തും ഞായറാഴ്ച ഉച്ചക്കുശേഷം കനത്ത മഴ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. നീരൊഴുക്ക് ശക്തമായാല്‍ വീണ്ടും ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
മുന്നൊരുക്കവുമായി ചാവക്കാട്
ചാവക്കാട്: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കി ചാവക്കാട് നഗരസഭ. വെള്ളക്കെട്ട് സാധ്യത പ്രദേശങ്ങളായ വഞ്ചിക്കടവ്, പരപ്പിൽതാഴം, തെക്കുഞ്ചേരി എന്നിവിടങ്ങളിൽ മുന്നൊരുക്കം പൂർത്തിയായി. അടിയന്തരമായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട ആവശ്യം വന്നാൽ താമസിപ്പിക്കാൻ മണത്തല ഗവ. സ്കൂളിൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് അറിയിച്ചു. കാലവർഷക്കെടുതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വെള്ളം കയറി 15 ഏക്കർ കൃഷി നശിച്ചു
പട്ടിക്കാട്: കനത്ത മഴയില്‍ വെള്ളം കയറി തമ്പുരാട്ടി പറമ്പില്‍ 15 ഏക്കര്‍ കൃഷി നശിച്ചു. 20 ദിവസം മുമ്പാണ് ഇവിടെ വിത്ത് വിതച്ചത്. ചായിക്കോത്ത് തങ്ക, മണികണ്ഠന്, അറേക്കാമോളയില് മത്തായി തുടങ്ങിയവരുടെ പാടത്താണ് വെള്ളം കയറി കൃഷി നശിച്ചത്. തമ്പുരാട്ടി പറമ്പിലെ ചെക്ക് ഡാമില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് പാടത്തേക്ക് വെള്ളം കയറാന്‍ കാരണം. പാണഞ്ചേരി പഞ്ചായത്തില്‍ കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.