വെള്ളിക്കുളങ്ങര കോര്‍മലയിലെത്തിയ യോഗേന്ദ്ര യാദവിനോട് കര്‍ഷകര്‍ തങ്ങളുടെ ദുരിതങ്ങൾ വിവരിക്കുന്നു

മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം: യോഗേന്ദ്ര യാദവ്

കൊടകര: വന്യജീവികള്‍ മൂലം ദുരിതം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദേശീയ കര്‍ഷക സമരത്തിന്റെ മുഖ്യ സംഘാടകനും ജയ് കിസാന്‍ ആന്ദോളന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവുമായ  യോഗേന്ദ്രയാദവ്   ആവശ്യപ്പെട്ടു. മലയോരത്തെ കര്‍ഷക ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനും സ്വത്തിനും നാശം നേരിട്ട കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും  സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗേന്ദ്രയാദവ് ആവശ്യപ്പെട്ടു. ജീവനും കാര്‍ഷിക വിളകള്‍ക്കും വന്യജീവികള്‍ ഭീഷണിയായി മാറിയ  വെള്ളിക്കുളങ്ങര, കോര്‍മല, ചൊക്കന പ്രദേശങ്ങളാണ് വെള്ളിയാഴ്ച രാവിലെ യോഗേന്ദ്രയാദവ് സന്ദര്‍ശിച്ചത്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വീട്ടമ്മമാരടക്കമുള്ള പ്രദേശവാസികള്‍ അദ്ദേഹത്തോട് വിവരിച്ചു.

കാട്ടാന, മാന്‍, കാട്ടുപന്നി, വേഴാമ്പല്‍, മലയണ്ണാന്‍, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് മലയോര ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നതെന്നും വന്യജീവികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു.

കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രണത്തിനിരയാവുന്നവര്‍ക്കു പോലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് പരാതിയും  കര്‍ഷകര്‍ യോഗേന്ദ്രയാദവിനോട് പങ്കുവെച്ചു. കാട്ടാനയുടെ  ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളി   പോട്ടക്കാരന്‍ പീതാംബരന്റെ മറ്റത്തൂര്‍ ചുങ്കാലിലുള്ള വസതിയിലും യോഗേന്ദ്രയാദവ് എത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. വീടിനു പുറകില്‍ രാത്രി കാട്ടാനയെ കണ്ട് മോഹാലസ്യപ്പെട്ട് വീണ് മരിച്ച ചൊക്കനയിലെ റാബിയമുഹമ്മദലിയുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.

സ്വരാജ് ഇന്ത്യ തമിഴ്‌നാട് സംസ്ഥാന  സെക്രട്ടറി ക്രിസ്റ്റീന സ്വാമി, ജയ് കിസാന്‍ ആന്ദോളന്‍ നേതാക്കളായ കെ.വി. സിംഗ്, സംസ്ഥാന പ്രസിഡന്റ് ജോയി കൈതാരത്ത്, സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് അഡ്വ. തോമസ് കോട്ടൂരാന്‍, സംസ്ഥാന സെക്രട്ടറി ദിവ്യദാസ്,  ജില്ല പ്രസിഡന്റ് പ്രിന്‍സണ്‍ അവിണിശ്ശേരി, ജില്ലാ സെക്രട്ടറി ഡേവിഡ് കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ യോഗേന്ദ്ര യാദവിനൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Government should be ready to intervene in the problems of hill farmers Yogendra Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.