തൃശൂര്‍: തൃശൂർ ഭയന്ന കൊക്കാലെ സ്വര്‍ണക്കവര്‍ച്ച കേസിൽ അന്വേഷണം വഴിമുട്ടി. മുഖ്യ പ്രതികളും രണ്ടര കിലോയിലധികം സ്വർണവും ഇനിയും കാണാമറയത്താണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രിയിലാണ് തൃശൂരിനെ ഞെട്ടിച്ച കവർച്ചയുണ്ടായത്. കൊക്കാലെയിലെ ആഭരണ നിർമാണശാലയിൽനിന്ന് പണിതീർത്ത് മാർത്താണ്ഡത്തെ ജ്വല്ലറികളിലേക്കായി കൊണ്ടുപോവുകയായിരുന്ന ഒന്നേമുക്കാല്‍ കോടി വില വരുന്ന മൂന്ന് കിലോ സ്വർണമാണ് ജീവനക്കാരെ ആക്രമിച്ച് കാറിലെത്തിയ സംഘം കവർന്നത്.
ആഭരണ നിർമാണശാലയിലെ മുന്‍ ജീവനക്കാരനായിരുന്നു ഒറ്റുകാരന്. ഏഴ് പ്രതികളെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, സ്വർണം കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. നേരായ രീതിയില്‍ പോയ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉടമകളുടെ ആരോപണം.
പ്രതികളിലെത്തിയെന്ന് കരുതിയ അന്വേഷണത്തിനിടയിലാണ് സംഘത്തിലെ ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റിയത്. ഇത് അന്വേഷണം അട്ടിമറിക്കാനെന്നാണ് സ്വർണക്കട ഉടമകളുടെ ആരോപണം. രണ്ടര കിലോ സ്വര്‍ണം ഇനിയും വീണ്ടെടുക്കാനുണ്ട്.
സ്വർണക്കടയിലെ ജീവനക്കാരായിരുന്നു കുന്നംകുളം സ്വദേശി ജോസഫും എല്‍ത്തുരുത്ത് സ്വദേശി പ്രസാദും. വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. ഒന്നേമുക്കാല്‍ കോടിയുടെ സ്വർണം നഷ്ടപ്പെട്ടതോടെ സംരംഭം രൂക്ഷമായ പ്രതിസന്ധിയിലായി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസിലെ പ്രധാന സൂത്രധാരന്മാരായ രണ്ടാം പ്രതി നിഖില്‍, മൂന്നാം പ്രതി ജിഫിന് എന്നിവരെയും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റു നാലുപേരെയും കൂടി പിടികൂടാനുണ്ട്.
പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ഒരാളായ സുമേഷ് ചാലക്കുടി എക്സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിന് പുതുക്കാട് കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസിലും പ്രതികളാണ്.
കേസിലെ മുഖ്യ പ്രതികളിലൊരാൾ കവർച്ച ചെയ്തതിലെ 187 പവനുമായി മണാലിയിലേക്ക് കടന്നുവെന്ന് സൂചനയുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം കടക്കാനിരിക്കെയായിരുന്നു ടീമംഗങ്ങളെ സ്ഥലം മാറ്റിയുള്ള ഉത്തരവിറങ്ങിയത്. ഇതോടെ അന്വേഷണം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.