തൃശൂർ കോർപറേഷന്റെ ആദ്യ മേയർ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃശൂരിലെ സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.

തൃശൂര്‍ നഗരസഭ കോര്‍പറേഷനായി ഉയര്‍ത്തിയ ശേഷമുള്ള 2000ത്തിലെ തെരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ് മേയറായത്. 2004 വരെ പദവിയില്‍ തുടര്‍ന്നു. 32 വര്‍ഷം തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന ജോസ് കാട്ടൂക്കാരന്‍ ജില്ലയിലെ ആദ്യകാല യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു.

ജില്ല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി മെംബര്‍, യു.ഡി.എഫ് ചെയര്‍മാന്‍, ജില്ല ആശുപത്രി ഉപദേശകസമിതി അംഗം തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറിയായി തൊഴിലാളി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

കാട്ടൂക്കാരന്‍ അന്തോണിയുടെയും റോസയുടെയും മകനാണ്. ഭാര്യ: തൊയക്കാവ് വടക്കൂട്ട് കൊട്ടയില്‍ കുടുംബാംഗം സെലീന. മക്കള്‍: ആന്റണി (റിട്ട. അര്‍ബന്‍ ബാങ്ക്), റാഫേല്‍ (മസ്‌കത്ത്), റിസണ്‍ (ചെന്നൈ), റെയ്സി (അധ്യാപിക, കോഴിക്കോട്). മരുമക്കള്‍: ജീന, ലിന്റോ, ഷീന, ജോണ്‍സണ്‍ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ). തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ 10.30 വരെ ഡി.സി.സി ഓഫിസിലും തുടര്‍ന്ന് കോര്‍പറേഷനിലും പൊതുദര്‍ശനമുണ്ടാകും. സംസ്കാരം വൈകീട്ട് നാലിന് അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

Tags:    
News Summary - Former Mayor Jose Kattukkaran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.