അഗ്നിബാധയിൽ കത്തിനശിച്ച തൃശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയ
തൃശൂർ: കഴിഞ്ഞ ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഗേറ്റിന് സമീപത്തെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണവും പരിശോധനയും തുടരുന്നു. ഫോറൻസിക് പരിശോധന തുടരുന്നതിനാൽ കത്തിക്കരിഞ്ഞ ബൈക്കുകൾ നീക്കുന്നതും ഉടമകൾക്ക് കൈമാറുന്നതും വൈകും.
നമ്പർ പ്ലേറ്റുകൾ അടക്കം പൂർണമായും കത്തിനശിച്ചതിനാൽ ഓരോ ഇരുചക്രവാഹനങ്ങളുടെയും പരിശോധന അതീവ ശ്രമകരമായാണ് മുന്നോട്ടുപോകുന്നത്. ചേസിസ്, എൻജിൻ നമ്പറുകൾ പരിശോധിച്ചാണ് ഉടമകളെ തിരിച്ചറിയുന്നത്. ഇതിനായി കത്തിക്കരിഞ്ഞ ഇരുചക്രവാഹനങ്ങളുടെ ചേസിസ്, എൻജിൻ നമ്പറുകളുള്ള ഭാഗങ്ങൾ വൃത്തിയാക്കിയ ശേഷമാണ് ഇവ രേഖപ്പെടുത്തുന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ പരിശോധന പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്ന് തൃശൂർ വെസ്റ്റ് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്.
അതേസമയം, പാർക്കിങ് കേന്ദ്രത്തിൽ വാഹനം വെച്ച 200ഓളം പേരുടെ പരാതികളാണ് തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. ഇവയും പരിശോധിച്ചുവരുകയാണ്. വാഹനങ്ങളുടെ രേഖകളിലെ എൻജിൻ, ചേസിസ് നമ്പറുകളും കത്തിക്കരിഞ്ഞവയിലെ നമ്പറുകളും ഒത്തുനോക്കി മാത്രമേ ഉടമകളെ കണ്ടെത്താൻ സാധിക്കൂവെന്നതിനാൽ ശ്രമകരമായ ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
പാർക്കിങ് ഷെഡിന്റെ ഷീറ്റ് മേൽക്കൂരകൾ കഴിഞ്ഞദിവസം നീക്കിയ ശേഷമാണ് പരിശോധന ആരംഭിച്ചത്. അതേസമയം, തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപടർന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടുമില്ല. പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വിയുടെ ഡി.വി.ആർ പൂർണമായും കത്തിനശിച്ചതിനാൽ ദൃശ്യങ്ങൾ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ ഇരുചക്രവാഹനങ്ങൾ കത്തിയമർന്ന സംഭവത്തിൽ റെയിൽവേ അധികൃതർക്ക് കോർപറേഷൻ നോട്ടീസ് നൽകി. മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർക്കിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഗ്നിരക്ഷ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പാർക്കിങ് കേന്ദ്രത്തിൽ നിർമാണങ്ങൾ നടത്തിയിരുന്നത്.
അപകടകരമായ രീതിയിൽ വാഹനങ്ങൾ തിങ്ങിനിറച്ച് പാർക്ക് ചെയ്തതാണ് തീ അതിവേഗം പടരാനും നാശനഷ്ടങ്ങൾ വർധിക്കാനും കാരണമായതെന്ന പരാതി ശക്തമാണ്. കോർപറേഷൻ പരിധിയിൽ ഇത്തരം നിർമാണങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങൾ പോലും റെയിൽവേ അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ ഉറവിടത്തെച്ചൊല്ലി റെയിൽവേയും ദൃക്സാക്ഷികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് റെയിൽവേയുടെ അന്വേഷണ റിപ്പോർട്ട്. റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് അപകടത്തിന് കാരണമായതെന്നാണ് വാഹന ഉടമകൾ ആരോപിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രത്തിൽ ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റും സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ച് ചർച്ചചെയ്തു തീരുമാനിക്കാൻ യോഗം ചേരുന്നു. വാഹനങ്ങൾ നഷ്ടപ്പെട്ടവരുടെ അടക്കം യോഗമാണ് ഞായറാഴ്ച വൈകീട്ട് നാലിന് ശക്തൻ നഗർ ഹെഡ് പോസ്റ്റ് ഓഫിസിന് എതിർവശം ക്രൗൺ ടവർ ഹാളിൽ ചേരുന്നത്.
യോഗത്തിൽ വാഹന ഉടമകൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ, സെക്രട്ടറി ഗോപകുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9447614630.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.