തൃശൂര്‍: ലോക്ഡൗണായതോടെ വീടുകളിൽ വാറ്റുന്നവരുടെ എണ്ണം വളരെയധികം വർധിക്കുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ എക്സൈസ് വകുപ്പ് നടത്തിയ ചാരായ വേട്ടയുെട കണക്കനുസരിച്ച് 60 ശതമാനവും ചെറിയ തോതിൽ വാറ്റുന്നവരാണ് പിടിയിലായത്. ഇവ കൂടുതലും വീടുകളിലും വീട്ടു പരിസരങ്ങളിലും തന്നെ വാറ്റുന്നവയാണെന്ന് എക്സൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. 18 ദിവസങ്ങളിൽ 62 അബ്കാരി കേസുകളിലായി 8977 ലിറ്റര്‍ വാഷാണ് നശിപ്പിച്ചത്. ഈ കാലയളവിൽ 14 മയക്കുമരുന്ന് കേസുകളിൽ രണ്ടു വാഹനങ്ങളും 127 ലിറ്റര്‍ ചാരായവും 404 ലിറ്റര്‍ അരിഷ്ടവും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ല എക്സൈസ് എന്‍ഫോഴ്സ്മെൻറ് ഓഫിസിെൻറ നേതൃത്വത്തിലാണ് ജില്ലയിലെ പലയിടങ്ങളിലും റെയ്ഡുകള്‍ ഏകോപിപ്പിച്ചത്. അന്തർ സംസ്ഥാനങ്ങളില്‍നിന്ന് മദ്യം കടത്തിയ ലോറിയും മൂന്നു കാറുകളും ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 570 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. വീട്ടിലെ പ്രഷർ കുക്കർ ഉപയോഗിച്ച് വാറ്റിയ 50ഉം 100ഉം ലിറ്റർ മദ്യം പിടികൂടുന്ന കേസുകളാണ് അധികവും. നഗര പ്രദേശങ്ങളുൾപ്പെടെ വ്യാപകമായി ഇത്തരത്തിൽ വാറ്റുന്നുണ്ട്. ചാലക്കുടി, പീച്ചി, മരോട്ടിച്ചാൽ വനമേഖലയോട് ചേർന്നാണ് വൻതോതിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 10 വർഷം വരെ കഠിന തടവിനും ഒരുലക്ഷം രൂപ വരെ പിഴയും കിട്ടിയേക്കാവുന്ന കുറ്റമാണിത്. ചെറുകിട ചാരായ നിർമാണത്തിനും വൻതോതിലുള്ള വാറ്റായാലും ശിക്ഷ ഒന്നുതന്നെയാണ്. ഏതായാലും ലോക്ഡൗണുമായി ബന്ധപ്പെട്ട പരിശോധന കർശനമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കണമെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ കേന്ദ്രീകരിച്ചും പുഴയോരങ്ങളിലുമാണ് വ്യാപകമായ ചാരായം വാറ്റ് നടക്കുന്നത്. ഡ്രോണ്‍ അടക്കം ഉപയോഗിച്ചാണ് വാറ്റുകേന്ദ്രങ്ങള്‍ കണ്ടെത്തുന്നത്. പീച്ചിയില്‍ കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചറടക്കമാണ് അറസ്റ്റിലായത്.
ടോറസ് ലോറിയില്‍ കളിമണ്ണ് കടത്തിെൻറ മറവില്‍ ബംഗളുരുവില്‍നിന്ന് എത്തിച്ച 400 ലിറ്റര്‍ മദ്യവും പിടികൂടിയിരുന്നു. നാലുപേര്‍ അറസ്റ്റിലുമായി. അതിർത്തി കടന്ന് വരുന്ന ലോറികളിലൂടെയും കടത്ത് സജീവമാണ്.
കൊരട്ടി മേഖലയിൽ വാറ്റ് പെരുകി
ചാലക്കുടി: ലോക്ഡൗൺ കാലത്ത് കൊരട്ടി മേഖലയിൽ വാറ്റ് പെരുകി. പ്രതിദിനം നൂറുകണക്കിന് ലിറ്റർ വാഷ് കൊരട്ടി പൊലീസ് പിടികൂടുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മേലൂർ കോട്ടമുറിയിൽനിന്ന് 95 ലിറ്റർ വാഷ് പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. കോട്ടമുറി സ്വദേശികളായ പള്ളത്ത് രാജേഷ് (41), ഒടവിൽ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. മേലൂർ പഞ്ചായത്തിലാണ് കൂടുതൽ വാഷ് പിടിച്ചത്. നേരേത്ത തന്നെ ഇവിടങ്ങളിൽ വ്യാജവാറ്റുകാരുടെ ശല്യമുള്ളതാണ്. എന്നാൽ, മദ്യം ലഭ്യമല്ലാതായതോടെ വാറ്റുകാരിൽ വലിയ ഉണർവാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് ലിറ്റർ വ്യാജ ചാരായം ഉൽപാദിപ്പിക്കപ്പെടുന്നതായി സൂചനയുണ്ട്. പലപ്പോഴും പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാറില്ല. വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി പിടികൂടി നശിപ്പിക്കുകയാണ് ചെയ്തുവരുന്നത്. മേലൂർ പഞ്ചായത്തിന് പുറമെ കൊരട്ടി ആറ്റപ്പാടം, കാടുകുറ്റി മേഖലയിലും വാഷ് പിടികൂടിയിട്ടുണ്ട്.
ചാലക്കുടി മേഖലയിൽ 3000ഓളം ലിറ്റർ വാഷ് ഇതിനകം എക്സൈസ് സംഘവും പിടികൂടിയിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിക്ക് തന്നെ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്ത സാഹചര്യത്തിൽ വ്യാജവാറ്റ് പെരുകിയത് പൊലീസിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.