തൃശൂർ: മെഡിക്കൽ കോളജിൽ വർഷങ്ങളായി ജോലി ചെയ്തിട്ടും ഇ.എസ്.ഐ (തൊഴിലാളി സംസ്ഥാന ഇൻഷുറൻസ്) ആനുകൂല്യം അടക്കമുള്ളവ ലഭിക്കാതെ എച്ച്.ഡി.എസ്, ആർ.എസ്.ബി.വൈ വഴി നിയമിച്ച ജീവനക്കാർ. 600ലധികം ജീവനക്കാർക്കാണ് ഇ.എസ്.ഐ ലഭിക്കാത്തത്. പത്തിൽ കൂടുതൽ പേരുള്ള സ്ഥാപനങ്ങളിൽ 21,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാർക്ക് ഇ.എസ്.ഐ അനുവദിക്കണമെന്ന് നിയമമുള്ളപ്പോഴാണ് മെഡിക്കൽ കോളജിലെ ആശുപത്രി വികസന സമിതിയും (എച്ച്.ഡി.എസ്) രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജനയും (ആർ.എസ്.ബി.വൈ) വഴി നിയമിച്ച ജീവനക്കാർക്ക് ഇത് ലഭ്യമല്ലാതിരിക്കുന്നത്.
ഇ.എസ്.ഐ സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്നും വിധി അനുസരിച്ച് മാത്രമേ ഇ.എസ്.ഐ അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതി പ്രകാരം ചികിത്സ ചെലവിനൊപ്പം മൂന്ന് മാസത്തെ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധിയും ലഭിക്കുമായിരുന്നു. ഈ ആനുകൂല്യം ലഭിക്കാതിരുന്നതാണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്. ഇതിനിടെ, എച്ച്.ഡി.എസ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഇ.എസ്.ഐ അധികൃതർ 48 ലക്ഷത്തിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തൃശൂർ: കേസിൽ വിധി എതിരായാൽ മെഡിക്കൽ കോളജ് ഇ.എസ്.ഐയിൽ ഒരു കോടിയിലധികം രൂപ അടക്കേണ്ടി വരും. ഈ തുകയുടെ ഉപകാരം ജീവനക്കാർക്കും ലഭിക്കില്ല. പരാതിയുടെ അടിസ്ഥാനത്തിൽ 2014ൽ ഇ.എസ്.ഐ അധികൃതർ മെഡിക്കൽ കോളജ് സന്ദർശിച്ച് പരിശോധന നടത്തുകയും ആശുപത്രി സൂപ്രണ്ടിനോട് ഇ..എസ്.ഐ വിഹിതം അടക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം തുടങ്ങുന്നത്. ഇതിനെതിരെ തൃശൂരിലെ എംപ്ലോയീസ് ഇൻഷുറൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
എച്ച്.ഡി.എസ് ജീവനക്കാർക്ക് ഇ.എസ്.ഐ ആനൂകൂല്യങ്ങൾക്ക് അർഹതയില്ലെന്നും വിഹിതം അടക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നുമാണ് കോടതിയിൽ ആവശ്യപ്പെട്ടത്. 2019 ജൂലൈ ആറിലെ ഇ.എസ്.ഐ കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് അനുസരിച്ച് 1,52,410 രൂപ സൂപ്രണ്ട് ഇ.എസ്.ഐ കോർപറേഷന് അടക്കുകയും നടപടികൾ തുടരുകയും ചെയ്തതായി ജീവനക്കാരും സംഘടനകളും പറയുന്നു. ഇതിലും ജീവനക്കാർക്ക് അനുകൂല നടപടിയുണ്ടായില്ല. 48 ലക്ഷം എച്ച്.ഡി.എസ് അക്കൗണ്ടിൽനിന്ന് പിടിച്ചെടുത്തിട്ടും ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണ്.
2022 ഫെബ്രുവരി എട്ടിന് ചേർന്ന എച്ച്.ഡി.എസ് വാർഷിക ജനറൽ ബോഡി യോഗം സർക്കാർ അനുമതിയോടെ ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ആശുപത്രി സൂപ്രണ്ട് വിരുദ്ധമായി പ്രവർത്തിച്ചതായി എച്ച്.ഡി.എസ് ജീവനക്കാരുടെ സംഘടന പ്രതിനിധികൾ പറയുന്നു. ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടാൻ അവകാശമില്ലെന്നും എല്ലാ ആനുകൂല്യങ്ങളും ആശുപത്രി നൽകുന്നുണ്ടെന്നും സർക്കാറിനെ സൂപ്രണ്ട് അറിയിച്ചതായാണ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. നാരായണൻ പറയുന്നത്. ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്താൻ ജില്ല കലക്ടർ, തൊഴിൽ മന്ത്രി, ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നതായും കെ.എൻ. നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.