ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തീരദേശ മേഖലയിൽ ജല അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടിട്ട് മൂന്നു വർഷത്തോളമായി. തീരദേശ മേഖലയിൽ താമസിക്കുന്ന പരിസരവാസികൾക്ക് ഏക ആശ്രയം ജല അതോറിറ്റിയുടെ ശുദ്ധജലം മാത്രമാണ്. എല്ലാ പ്രാഥമിക ആവശ്യങ്ങൾക്കും പരിസരവാസികൾ ആശ്രയിക്കുന്നത് ജല അതോറിറ്റിയുടെ ശുദ്ധജലത്തെയാണ്.
ശരാശരി ഒരു കുടുംബത്തിന് എല്ലാ പ്രാഥമിക ആവശ്യങ്ങൾക്കുമായി ഒരു ദിവസം ആയിരം ലിറ്റർ മുതൽ 1500 ലിറ്റർ വരെ ശുദ്ധജലം ആവശ്യമാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ പരിസരപ്രദേശങ്ങളിൽ ഒന്നും തന്നെ ശുദ്ധജലം ലഭ്യമല്ല. തീരദേശവാസികൾ വർഷങ്ങളായി കുടിവെള്ളത്തിനായി നിരന്തരം പരാതിപ്പെടുന്നു. ഗ്രാമപ്രദേശത്തും തീരദേശ മേഖലയിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളും അടങ്ങുന്ന തുച്ഛ വരുമാനക്കാരായ കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.
ഭാരിച്ച ജീവിത ചെലവുകൾക്കിടയിൽ വെള്ളത്തിന് വലിയ സംഖ്യ കണ്ടെത്തേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ആഴ്ചയിൽ രണ്ടും മൂന്നും തവണയാണ് സ്വകാര്യ ഏജൻസികളിൽ നിന്നും പ്രദേശവാസികൾ പണം മുടക്കി ശുദ്ധജലം വാങ്ങിക്കുന്നത്. പ്രതിമാസം 3000 രൂപ മുതൽ 4000 രൂപ വരെ ശുദ്ധജലത്തിനായി മുടക്കണം.ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഗ്രാമവാസികളുടെ രൂക്ഷമായ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാണിച്ച് ചേറ്റുവയിലെ സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
കുറച്ചു വർഷങ്ങളായി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ജല അതോറിറ്റി കുടിവെള്ളം പമ്പിങ് നടത്തുന്നത്. ജല അതോറിറ്റി പമ്പിങ് നടത്തുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലേക്കും പൈപ്പിലൂടെ കുടിവെള്ളം എത്തുന്നില്ല. വർഷങ്ങൾ പിന്നിട്ടിട്ടും തീരദേശ മേഖലയിലെയും പരിസരങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അതോറിറ്റിയും പഞ്ചായത്തും ഇതുവരെ ശ്രമിച്ചിട്ടില്ല.
വർഷത്തിൽ ഒരിക്കൽ കടുത്ത വേനലിൽ മാത്രം വലിയ ടാങ്ക് വെച്ച് ടിപ്പർ ലോറിയിൽ ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്ത് കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും റോഡിനു സമീപമല്ലാത്ത കുടുംബങ്ങൾക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം ലഭിക്കാറില്ല. വലിയ വണ്ടി എത്താത്തതുമൂലം പഞ്ചായത്ത് വിതരണത്തിന് കൊണ്ടുവരുന്ന കുടിവെള്ളം കിട്ടാറുമില്ല. കാരണം റോഡിൽനിന്ന് കുറച്ചു ദൂരെ ആയിരിക്കും വെള്ളം ലഭിക്കാത്ത കുടുംബങ്ങൾ താമസിക്കുന്നത്.
അവർക്ക് വലിയ പാത്രങ്ങൾ റോഡിന് സമീപം കൊണ്ടുവെച്ച് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് എത്തിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. വലിയ വണ്ടി എത്താത്ത ഗ്രാമപ്രദേശത്ത് ചെറിയ വണ്ടിയിൽ കുടിവെള്ളം പഞ്ചായത്തിന്റെ ചിലവിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.