തൃശൂർ: നാടെങ്ങും നടക്കുന്ന ലഹരിവേട്ടയിൽ അണിനിരന്ന് തൃശൂർ പൊലീസും. കഴിഞ്ഞ 23 ദിവസത്തിനിടെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്തത് 365 കേസുകൾ. അതായത്, ദിവസം 16ഓളം ലഹരി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു എന്ന് അർഥം.
ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെയുള്ള മൂന്നാഴ്ച കാലയളവിൽ ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തിയ ഡി ഹണ്ട് ഓപറേഷനിൽ തൃശൂർ സിറ്റി പൊലീസ് ജില്ലയിൽ ആകെ 365 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി കേസുകളുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ മാത്രം 387 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 20 പേർ ഇപ്പോഴും റിമാൻഡിലാണെന്ന് സിറ്റി പൊലീസ് അറിയിച്ചു. 159.63 ഗ്രാം എം.ഡി.എം.എ, 26.88 കിലോഗ്രാം കഞ്ചാവ്, ഹാഷിഷ് 87.37 ഗ്രാം, ഹാഷിഷ് ഓയിൽ 1.8 ഗ്രാം, ബ്രൌൺ ഷുഗർ 134.98 ഗ്രാം, 325 കഞ്ചാവ് ബീഡി എന്നിവയാണ് വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ പിടിച്ചെടുത്തത്.
365 കേസുകളിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി മൂന്ന് കേസുകളും മീഡിയം ക്വാണ്ടിറ്റി എട്ട് കേസുകളും സ്മാൾ ക്വാണ്ടിറ്റി 29 കേസുകളും ബാക്കിയുള്ളവ കഞ്ചാവ് ബീഡി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളുമാണ്. റിമാൻഡ് ചെയ്തവരിൽ 11 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ലഹരിക്കെതിരെയുള്ള കർശനമായ പരിശോധനകൾ തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഈ നമ്പറിൽ അറിയിക്കാം
തൃശൂർ: ലഹരി ഉപയോഗവും വിപണനവും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാനും പൊലീസ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ആന്റി നാർകോട്ടിക് സ്പെഷൽ സെൽ - 9497927797, നാർക്കോട്ടിക് സെൽ - 9497979794, യോദ്ധാവ് - 9995966666.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.