തൃശൂർ: ലോകപ്രശസ്ത ശാസ്ത്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ 2026ലെ മികച്ച എഡിറ്റർ പുരസ്കാരം കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർക്ക്. വനശാസ്ത്ര മേഖലയിൽ ലോകത്തിലെ മികച്ച പത്ത് ജേണലുകളിലൊന്നായ അഗ്രോഫോറസ്ട്രി സിസ്റ്റത്തിന്റെ ഗവേഷണ മൂല്യം ഉയർത്തുന്നതിന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. 32 രാജ്യങ്ങളിൽ നിന്നുള്ള 66 അസോസിയേറ്റ് എഡിറ്റർമാരാണ് അഗ്രോഫോറസ്ട്രി സിസ്റ്റത്തിനുള്ളത്.
മുമ്പ് രണ്ട് ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചെടുത്തതിന് 2020ൽ വനശാസ്ത്ര മേഖലയിലെ രാജ്യത്തെ മികച്ച ഗവേഷകനുള്ള പുരസ്കാരവും ആലപ്പുഴ ജില്ലയിലെ കാവുകളെപ്പറ്റിയുള്ള സമഗ്രപഠനത്തിന് 2010ലെ ജൈവവൈവിധ്യ മേഖലയിൽ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
കേരള വനം വകുപ്പിന്റെ ഔദ്യോഗിക തീം സോങ് പി. ജയചന്ദ്രൻ ആലപിച്ച കാടറിവ്, 2025ലെ തീം സോങ് വനനീര്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി യജുർവേദത്തെ ആസ്പദമാക്കിയുള്ള പ്രകൃതിവന്ദനം എന്നീ ഗാനങ്ങൾക്ക് ഈണം പകർന്ന് ശ്രദ്ധനേടിയ അദ്ദേഹം 160ലേറെ പാട്ടുകൾക്ക് സംഗീതം നൽകി ആലപിച്ച് കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോറസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ ഡോ. കണ്ണൻ വാര്യർ അഞ്ച് തവണ കേരള കാർഷിക സർവകലാശാലയുടെ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.