ലിൻസിയുടെ മരണത്തിനിടയാക്കിയ കുഴി തൃശൂർ കോർപറേഷൻ അധികൃതർ താൽക്കാലികമായി മൂടിയ നിലയിൽ
തൃശൂർ: റോഡിലെ കുഴിയിൽവീണ് തെറിച്ച് വീണ വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം. എഫ്.ഐ.ആറിലടക്കം ‘എങ്ങനെയോ സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി’യെന്നാണ് സൂചിപ്പിരിക്കുന്നതെന്നാണ് പരാതി. റോഡിലെ അടച്ച കുഴി തുറന്ന് പരിശോധനക്ക് വിധേയമാക്കണമെന്നാണ് ആവശ്യപ്പെട്ട് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി. ബി. സതീഷ് തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകി.
കോർപറേഷന്റെ അനാസ്ഥ മൂലമുണ്ടായ കുഴിയിൽ വീണതോടെ കാറിടിച്ച് നെല്ലിക്കുന്ന് പുള്ളിപ്പറമ്പ് വീട്ടിൽ ജോൺസിന്റെ ഭാര്യ ലിൻസിയാണ് (57) മരിച്ചത്. 2026 മെയ് 12ന് രാത്രി ഏഴിന് ഇക്കണ്ടവാര്യർ റോഡിലൂടെ പോകവെയാണ് വലിയ കുഴിയിൽ ചാടിയ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ ലിൻസി കാറിടിച്ച് മരിച്ചത്. അപകടത്തിന് പിന്നാലെ കോർപറേഷൻ അധികൃതർ റോഡിലെ കുഴി ടാറിട്ട് ഭാഗികമായി അടച്ചു.
കുഴിയടക്കാൻ കോർപറേഷൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും പി.ഡബ്ല്യു.ഡി എൻജിനീയറുടെയും കരാറുകാരന്റെയും ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപമാണ് കാരണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സതീഷ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർക്കും ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ, നടപടി കൈക്കൊള്ളാത്തതിനെതുടർന്നാണ് റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്. കുഴിയിൽ ചാടി നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ നിലനിൽക്കെ തെളിവായ കുഴി മൂടാൻ കോർപറേഷൻ അധികൃതർക്ക് പൊലീസ് അവസരം നൽകുകയായിരുന്നെന്നാണ് ആരോപണം. കുഴി തുറന്ന് ആഴവും വീതിയും പരിശോധിച്ച് വീണ്ടും തെളിവെടുപ്പ് നടത്താൻ പൊലീസിന് ഉത്തരവ് നൽകാനും കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോർപറേഷൻ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.