തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾക്കുള്ള സാമഗ്രികൾ ഇറക്കുന്നു
തൃശൂർ: പുതിയ മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നതോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ മാറ്റങ്ങൾ നിലവിൽ വരികയാണ്. സ്റ്റേഷന്റെ മുഖമുദ്രയായ കിഴക്കുഭാഗത്തെ മുഖപ്പുരയും അനുബന്ധ മന്ദിരങ്ങളും പൊളിക്കുന്ന പണി ഉടൻ ആരംഭിക്കും. സൈറ്റ് സർവേയും മണ്ണ് പരിശോധനയും കെട്ടിടങ്ങളുടെ രൂപകൽപനയും പൂർത്തിയാക്കി പ്രവൃത്തികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണിത്. റെയിൽവേ നിർമാണ വിഭാഗവും തൃശൂരിലെ ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും ചേർന്ന് വ്യാഴാഴ്ച നടത്തിയ സ്ഥലപരിശോധനക്കും ചർച്ചകൾക്കും ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നവീകരണത്തിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകൾ പഴയ റിസർവേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പ്രധാന മന്ദിരത്തിൽ സ്റ്റേഷൻ മാനേജരുടെ മുറിയും അനുബന്ധമായുള്ള വി.ഐ.പി മുറിയും മുതൽ തെക്കോട്ട് യാത്രികർക്കുള്ള വിശ്രമകേന്ദ്രം അടക്കമുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പൊളിക്കുക. ഈ മാസം മൂന്നാം വാരത്തിൽ പൊളിക്കൽ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അതോടനുബന്ധിച്ച് സ്റ്റേഷൻ വഴിയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകൾ ഉയർത്തുകയും ചെയ്യും.
ക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാർക്കുള്ള മുഖ്യ പ്രവേശന കവാടവും അറിയിപ്പ് കേന്ദ്രവും ഇപ്പോൾ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന പഴയ റിസർവേഷൻ കേന്ദ്രത്തിന് എതിർവശത്ത് പാഴ്സൽ ഓഫിസിന് തെക്കുവശത്തായി (പഴയ രാജമന്ദിരത്തിന് തൊട്ട് വടക്ക്) തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. യാത്രികർക്കുള്ള വിശ്രമകേന്ദ്രം പഴയ സസ്യഭോജനശാല പ്രവർത്തിച്ചിരുന്നിടത്തേക്ക് മാറ്റും. തെക്കുനിന്ന് വരുന്നവർക്കായി ഒന്നാം പ്ലാറ്റ്ഫോമിൽ തെക്കേയറ്റത്തുള്ള നടപ്പാലത്തിന് സമീപത്തായി നിലവിലെ കവാടത്തിന് സമീപം എ.ടി.വി.എം ടിക്കറ്റ് വിതരണ യന്ത്രങ്ങൾ സജ്ജമാക്കും. അവർക്ക് ആ കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം.
രണ്ടാം കവാടത്തിൽനിന്ന് ആർ.എം.എസ് ഓഫിസിന് സമീപത്തുകൂടി മുഖ്യ കവാടത്തിലേക്ക് വരുന്ന റോഡ് സുരക്ഷയുടെ ഭാഗമായി അടക്കും. ദിവാൻജി മൂലയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കൊടിമരം വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. കൊടിമരത്തിന് തെക്കായി ഓട്ടോ-ടാക്സി പാർക്കിങ് സൗകര്യം ഒരുക്കും.
നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തായി സ്റ്റേഷൻ മാസ്റ്റർക്കും സിഗ്നലിങ്ങിനും വേണ്ടിയുള്ള കെട്ടിടത്തിന്റെ പൈലിങ് ജോലികൾ അന്തിമ ഘട്ടത്തിലാണ്. ദിവാൻജി മൂലക്ക് സമീപം നിർമിക്കുന്ന 12 നില ഭവനസമുച്ചയത്തിന്റെ പൈൽ ടെസ്റ്റിങ് നടക്കുകയാണ്. ഗുഡ്സ് ഷെഡിന് സമീപത്തായി, പ്രോജക്ട് മാനേജ്മെൻറ് സർവിസ് വിഭാഗത്തിനുള്ള കെട്ടിടം പൂർത്തിയായി. അവിടെ റെയിൽവേ ഓഫിസ്, ഗുഡ്സ് വിഭാഗം ഓഫിസ് എന്നിവയുടെ പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.