തൃശൂർ: നഗരത്തിലെ വിശിഷ്ട വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്ന നയത്തിൽ പരിശോധന വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ നിർദേശം. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കണ്ടശാംകടവ് ബോട്ട് ജെട്ടി നവീകരണ അനുമതി സംബന്ധിച്ച് അഡീഷണൽ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യോഗം ആവശ്യപ്പെട്ടു. ചാഴൂർ പഞ്ചായത്തിൽ ജൽജീവൻ മിഷനുവേണ്ടി പൊളിച്ചിട്ട റോഡുകൾ പുനർനിർമിക്കാൻ ടെണ്ടർ നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പാട്ടുരായ്ക്കൽ ദേവമാത സ്കൂൾ പരിസരത്തെ പാർക്കിങ് വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ട് എ.സി.പിക്ക് കത്ത് നൽകാൻ തീരുമാനിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് അതിർത്തിയിലെ അഞ്ച് ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്നും തൃശൂർ-ഷൊർണൂർ റോഡിൽ മാഞ്ഞുപോയ സീബ്രലൈൻ പുന:സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നു.
അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ ആവശ്യത്തിന് നടത്തുന്ന മസ്റ്ററിങ് പ്രക്രിയയിൽ പ്രൊജക്ട് ഓഫിസിൽനിന്നും നിരീക്ഷണം വേണമെന്ന് യോഗം നിർദേശിച്ചു. തഹസിൽദാർ ടി. ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ ടി.ഐ. ഷിൻസി, ജൂനിയർ സൂപ്രണ്ട് സി.വി. ലിഷ എന്നിവർ സംബന്ധിച്ചു.
തൃശൂർ: ദുരന്ത നിവാരണ നിയമപ്രകാരം കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത രീതിയിൽ ജലനിരപ്പ് അനുസരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ അളവിൽ മുനയം ബണ്ട് നീക്കി ജലനിരപ്പ് ക്രമീകരിക്കാൻ മേജർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് കലക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവ് നൽകി.
പാടശേഖരത്തിലെ വെള്ളം ഒഴുക്കി കൃഷിനാശം തടയാൻ ആവശ്യമായത്ര അളവിൽ മാത്രം താൽക്കാലിക ബണ്ടിന് കാര്യമായ കേടുപാടുകൾ വരാത്ത വിധം മുൻകരുതലെടുത്ത് ഏനാമാക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കണം.
വെള്ളക്കെട്ട് ഒഴിവാകുന്ന മുറക്ക് ഷട്ടറുകൾ പുന:ക്രമീകരിക്കുകയും വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്ന മുറക്ക് ബണ്ട് പൂർവസ്ഥിതിയിലാക്കി റിപ്പോർട്ട് ചെയ്യുകയും വേണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
തൃശൂർ: തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി എട്ടിന് വെടിക്കെട്ട് നടത്താൻ എ.ഡി.എം അനുമതി നൽകി. എട്ടിന് പുലർച്ചെ 12.45 മുതൽ 1.15 വരെ നിയന്ത്രണങ്ങളോടെ തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. രവികുമാറിന് ലൈസൻസ് അനുവദിച്ച് ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.