തൃശൂർ: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമിരിക്കെ കോൺഗ്രസ് പുനഃസംഘടന പാതിവഴിയിൽ. ഡി.സി.സി വിട്ട പട്ടികക്ക് കെ.പി.സി.സി അംഗീകാരം നൽകിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും പ്രഖ്യാപിക്കാനായിട്ടില്ല.
ജില്ലയിലെ നേതാക്കൾ തമ്മിലുള്ള തർക്കമാണ് ലിസ്റ്റ് പ്രഖ്യാപിക്കാൻ കഴിയാതിരിക്കുന്നത്. ഏറെ നാളെടുത്ത് ചർച്ചയും ഒത്തുതീർപ്പും നടത്തി ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യവാരത്തിലാണ് പകുതി മാത്രം മണ്ഡലം പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് ഡി.സി.സിയുടെ പട്ടിക പുറത്തിറങ്ങിയത്. പിന്നാലെ തർക്കവുമായി. ഇതോടെ ബാക്കിയുള്ളവ പ്രഖ്യാപിക്കാനായില്ല. പുനഃസംഘടന സമിതി അംഗീകാരം നൽകാത്ത ചില മണ്ഡലങ്ങളിൽ സ്വന്തക്കാരെ നിയോഗിച്ച് ഡി.സി.സി പ്രസിഡൻറ് വശത്താക്കിയെന്നായിരുന്നു ആക്ഷേപം. കെ.പി.സി.സി പ്രസിഡൻറിനെയും പ്രതിപക്ഷ നേതാവിനെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെയും പരാതി അറിയിച്ചതോടെ ലിസ്റ്റ് തടഞ്ഞു. ജില്ലയിൽ കോൺഗ്രസിന് 110 മണ്ഡലങ്ങളാണുള്ളത്.
ഇതിൽ 50 മണ്ഡലങ്ങളിലെ പ്രസിഡൻറുമാരെ മാത്രമാണ് മാസങ്ങളെടുത്തുള്ള ചർച്ചകൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തിൽ പ്രഖ്യാപിക്കാനായത്. ബാക്കിയുള്ള 60 മണ്ഡലം പ്രസിഡൻറുമാരെയും പിന്നാലെ കെ.പി.സി.സി അംഗീകാരം നൽകിയെങ്കിലും പ്രഖ്യാപിക്കാനായില്ല. ഗ്രൂപ്പ് വീതം വെക്കലുകളായിരുന്നു തർക്കത്തിന് കാരണം. നേരത്തെ എ, ഐ എന്ന നിലയിൽ മാത്രം മതിയായിരുന്നുവെങ്കിൽ ഐ ഗ്രൂപ്പിൽ തന്നെ ആറോളം ഗ്രൂപ്പുകളും എ ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങളുമടക്കമായിട്ടാണ് മണ്ഡലങ്ങളെ പങ്കിട്ടത്.
ഇതിൽ തന്നെ രമേശ് ചെന്നിത്തല പക്ഷത്തെ ഒതുക്കിയാണ് ഐ ഗ്രൂപ്പിലെ വീതം വെയ്പ് നടന്നത്. എ ഗ്രൂപ്പിൽ യുവ എ ഗ്രൂപ്പിനും പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിനാണ് ജില്ലയുടെ ചുമതല. 11 അംഗങ്ങളടങ്ങിയ ഉപസമിതിയാണ് മണ്ഡലം പ്രസിഡൻറുമാരെ തീരുമാനിക്കുന്നതിൽ കീഴ്ഘടകങ്ങളിൽ നിന്നുള്ള പട്ടികയിൽ പരിശോധന നടത്തി അന്തിമമാക്കേണ്ടത്.
ലഭിച്ച പട്ടികയനുസരിച്ച് പരിശോധിച്ചതിൽ വിവിധ കാരണങ്ങളാൽ നിയോഗിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി മാറ്റിവെച്ച മണ്ഡലങ്ങളിൽ ഉപസമിതിയിലെ അംഗങ്ങൾ അറിയാതെ സ്വകാര്യമായി ‘ഇഷ്ടക്കാരെ’ നിയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എ.എ ഷുക്കൂറിനെയും സംഘടനാചുമതലയുള്ള ജില്ലയിൽ നിന്നുള്ള നേതാവ് ടി.യു രാധാകൃഷ്ണനെയും നേരിൽ വിളിച്ച് പരാതി അറിയിച്ചു. പുനപരിശോധന നടത്താമെന്ന് നേതാക്കൾ അറിയിച്ചുവെന്നാണ് പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പിലേക്കും അതിന് മുമ്പായി കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും നയിക്കുന്ന ജാഥയും നടക്കാനിരിക്കെ പ്രഖ്യാപിച്ചവയിൽ ഇനി പുനപ്പരിശോധനയുണ്ടായേക്കില്ലെന്നാണ് കെ.പി.സി.സി നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.