അന്തിക്കാട്: കുടിവെള്ളത്തിൽ കോളിഫാം ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് മേനോൻ ഷെഡിന് സമീപം വൃത്തിഹീനമായ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് പൂട്ടാൻ ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശിപാർശ നൽകി.
നിരവധി പേർ താമസിക്കുന്ന ക്യാമ്പിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സംവിധാനമുണ്ടാക്കാതെ പരിസരത്ത് ഉള്ള യോഗക്ഷേമസഭയുടെ പറമ്പിലേക്ക് ഒഴുക്കുകയും ഇതുമൂലം കിണർ മലിനമാവുകയും ചെയ്തിരുന്നു.
ഒരാഴ്ച മുമ്പ് വിജിലൻസ് നടത്തിയ പരിശോധനയെ തുടർന്ന് ശരിയായ രീതിയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാനും സെപ്റ്റിക് ടാങ്കും സോക്കേജ് പിറ്റും നിർമിക്കാനും സമയം നൽകിയിരുന്നു. എന്നാൽ ഇതുവരെയും നിർദേശം നടപ്പാക്കിയിട്ടില്ല. നിരവധി തവണ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
വൃത്തിഹീനമായ ചുറ്റുപാടിൽ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമാകും എന്ന അവസ്ഥയിലാണ് ആരോഗ്യ വകുപ്പ് മതിയായ സൗകര്യം ഇല്ലാത്തതിനാൽ ഷാജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യാമ്പ് അടച്ചു പൂട്ടാൻ പഞ്ചായത്തിന് നിർദേശം നൽകിയത്. ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ജയ്ജാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി. ബിനോയ്, ഷീന, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി സിദ്ധാർഥൻ എന്നിവരടങ്ങിയ ടീമാണ് നടപടികളെടുത്തത്. റിപ്പോർട്ട് ജില്ല മേധാവി ആരോഗ്യ വകുപ്പ്, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.