തൃശൂർ ഹൈ റോഡിലെ കേരള ഫാൻസി ഷോപ്പിൽ വിൽപനക്കായി എത്തിച്ച ‘കാർണിവൽ’ സാന്റയും ‘കുഴിമന്തി’ സാന്റയും
നാടും നഗരവും ക്രിസ്മസ് തിരക്കിലമർന്നതോടെ തൃശൂരിലെ വിപണികൾ സജീവമായി. നക്ഷത്രങ്ങളിലും ക്രിസ്മസ് ട്രീയിലും പുൽക്കൂടുകളിലുമെല്ലാം പുതുമകൾ നിറച്ച് ഉപഭോക്താക്കളെ വരവേൽക്കുകയാണ് വിപണി. മുൻകാലങ്ങളിൽ ചൈനയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയിരുന്ന നിയോൺ ലൈറ്റുകൾക്ക് 2000 മുതൽ 3000 രൂപ വരെയായിരുന്നു വില. എന്നാൽ, ഇപ്പോൾ തൃശൂർ, അങ്കമാലി, കുന്നംകുളം എന്നിവിടങ്ങളിൽ നിയോൺ ലൈറ്റുകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ വില കുത്തനെ കുറഞ്ഞു. 150 രൂപ മുതൽ ഇപ്പോൾ നിയോൺ ലൈറ്റുകൾ ലഭ്യമാണ്. നിയോൺ നക്ഷത്രങ്ങൾ കൂടാതെ ഡീർ, സാന്റാക്ലോസ്, ക്രിസ്മസ് ട്രീ, റാബിറ്റ്, എയ്ഞ്ചൽ തുടങ്ങി മനംകവരുന്ന വിവിധ രൂപങ്ങളിലുള്ള നിയോൺ ലൈറ്റുകൾ വിപണിയിലുണ്ട്.
പെട്ടിതുറന്ന് ‘കുഴിമന്തി’ സാന്റ; ഏണി കയറി ക്ലൈമ്പിങ് പാപ്പ
വിപണിയിൽ ഇത്തവണ നക്ഷത്രങ്ങൾക്കും പുൽക്കൂടുകൾക്കുമൊപ്പം കൗതുകം നിറക്കുന്നത് കേട്ടാൽ അമ്പരക്കുന്ന പേരുകളിലും ചടുലമായ നീക്കങ്ങളിലുമുള്ള സാന്റാക്ലോസ് രൂപങ്ങളാണ്. വിപണിയിലെ ഏറ്റവും പുതിയ താരം ‘കുഴിമന്തി’ സാന്റയാണ്. പേര് കേട്ട് ഞെട്ടേണ്ട, ഒരു പെട്ടിക്കുള്ളിൽ ഒളിച്ചിരിക്കുകയും മോട്ടോർ സഹായത്തോടെ ഇടക്കിടെ പുറത്തേക്ക് ഉയർന്നുവരികയും ചെയ്യുന്ന ‘പോപ്പ്-അപ്പ്’ സാന്റക്കാണ് വ്യാപാരികൾ ഈ രസകരമായ പേര് നൽകിയത്. 5500 രൂപയോളം വിലയുള്ള സാന്റയെ കാണാൻ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം തന്നെ 4800 രൂപ വിലയുള്ള കറങ്ങുന്ന ‘കാർണിവൽ’ സാന്റയും തരംഗമായിക്കഴിഞ്ഞു. പാട്ടുപാടുകയും ബെല്ലടിക്കുകയും ചെയ്യുന്ന പരമ്പരാഗത സാന്റാ പാപ്പമാർക്ക് പുറമെയാണ് ഈ മോട്ടോർ വിസ്മയങ്ങൾ ഇത്തവണ വിപണി പിടിക്കുന്നത്. മോട്ടോർ വിസ്മയങ്ങൾക്കൊപ്പം തന്നെ സാഹസികരായ ‘ക്ലൈമ്പിങ് സാന്റ’മാരും വിപണിയിൽ നിരന്നിട്ടുണ്ട്. ഏണിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർ, ഊഞ്ഞാലാടുന്നവർ, കയറിലൂടെ ഊർന്നിറങ്ങുന്നവർ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള ക്ലൈമ്പിങ് സാന്റകൾക്ക് ആവശ്യക്കാർ ഏറെയാണ്. 650 രൂപ മുതൽ വിലയുള്ള ഇവ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.
കരുത്ത് തദ്ദേശീയ ഉൽപാദനം
സാന്റാപാപ്പമാരുടെ വേഷപ്പകർച്ചയും സിനിമാപ്പേരുകളിലെ നക്ഷത്രത്തിളക്കവും മാത്രമല്ല, ഇത്തവണത്തെ വിപണിയുടെ കരുത്ത് തദ്ദേശീയമായ ഉൽപാദനമാണ്. വൻകിട ഇറക്കുമതി ഉൽപന്നങ്ങളോട് കിടപിടിക്കുന്ന ഗുണമേന്മയും പോക്കറ്റിന് ഇണങ്ങുന്ന വിലയുമാണ് തൃശൂരിലെയും പരിസരപ്രദേശങ്ങളിലെയും നിർമാണ യൂനിറ്റുകൾ ഉറപ്പുനൽകുന്നത്. പുൽക്കൂട് ഒരുക്കാനുള്ള റെഡിമെയ്ഡ് സെറ്റുകൾക്കും മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ച ‘സ്നോ ട്രീ’കൾക്കും പുറമെ 80 രൂപ മുതൽ ലഭ്യമാകുന്ന ജെൽ കാൻഡിലുകൾക്കും ആവശ്യക്കാർ ഏറെയാണ്. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഷോറൂമുകൾ വരെ ഒരുപോലെ സജീവമായതോടെ, വരും ദിവസങ്ങളിൽ തൃശൂർ നഗരത്തിൽ കൂടുതൽ വ്യാപാര തിരക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.