കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച

കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ്

തൃശൂരിനെ നയിച്ച് കുട്ടിപ്രതിനിധികൾ

തൃശൂര്‍: ഭരണ - പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടുകയും പോർവിളി മുഴക്കുകയും ചെയ്യുന്ന കോർപറേഷൻ കൗൺസിൽ ഹാളിൽ തിങ്കളാഴ്ച ഗൗരവകരവും നാളെയുടെ നഗരവികസനവും മുൻ നിർത്തിയുള്ള ചർച്ചകളും നിർദേശങ്ങളും കൊണ്ട് സമ്പന്നമായി. കുട്ടികൾ തന്നെ നയിച്ച പാർലമെന്‍റിലാണ് നഗരവികസനം മുൻനിർത്തി ചർച്ചയുയർത്തിയതും നിർദേശങ്ങൾ അവതരിപ്പിച്ചതും. കുട്ടികളുടെ പാർലമെന്‍റിന് സാക്ഷികളായി കോർപറേഷൻ ഭരണ-പ്രതിപക്ഷാംഗങ്ങളും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമായി. തൃശൂരിനെ ശിശു സൗഹൃദ നഗരമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോർപറേഷന്‍റേയും കിലയും ഗവ. എൻജിനീയറിങ് കോളജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗവും സംയുക്തമായിട്ടായിരുന്നു സ്കൂൾ പാർലമെന്‍റ് സംഘടിപ്പിച്ചത്. തദ്ദേശ ഭരണത്തിന് മാർഗ നിർദേശങ്ങളും പരിശീലനവും നൽകുന്ന കിലയാണ് സ്കൂൾ പാർലമെന്‍റിന്‍റേയും മാർഗനിർദേശങ്ങൾ നൽകിയത്. നഗരത്തിലെ എല്ലാ സ്കൂളുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 90 കുട്ടികളാണ് പങ്കെടുത്തത്. നടപടിക്രമങ്ങളിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.പി. മാളവികയെ സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്കറെ മേ‍യർ സീറ്റിലേക്ക് ആനയിച്ചിരുത്തി. നഗരത്തിലെ നാല് റോഡുകളെ മുൻനിർത്തി ആവശ്യവും വികസനവും നിർദേശവും അവതരിപ്പിക്കാൻ സ്പീക്കർ നിർദേശിച്ചു. ഓരോരുത്തർക്കും ഇതിനായി ഒരു മിനിറ്റ് വീതം സമയവുമനുവദിച്ചു. രാഷ്ട്രീയക്കളിയിൽ വികസനം ചർച്ചചെയ്യാൻ മടിക്കുകയും പതിവ് വാഗ്ദാനങ്ങളും കേൾക്കാറുള്ള ഭരണപ്രതിപക്ഷാംഗങ്ങളുടെ പോർവിളിയും വാഗ്വാദങ്ങളും പരിഹാസങ്ങളും മുദ്രാവാക്യം വിളികളും മുഴങ്ങിയിരുന്ന കൗൺസിൽ ഹാളിൽ കുട്ടി സമൂഹത്തിന്‍റെ 'പ്രതിനിധികൾ' മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന ചർച്ചകളും ആവശ്യങ്ങളും നിർദേശങ്ങളും മുന്നോട്ട് വെച്ചു. നഗരത്തിലെ റോഡുകളുടെ തകർച്ച, ചളി കെട്ടിക്കിടക്കുന്നത്, കാൽനടപ്പാതകളില്ലാത്തത്, മാലിന്യം, തെരുവുനായ് ശല്യം, വഴിവിളക്ക്, കൊതുക് ശല്യം എന്നിവയെല്ലാം കുട്ടികൾ ചർച്ചയിലൂടെ അവതരിപ്പിച്ചു. ശിശുസൗഹൃദനഗരമാകാനുള്ള ആവശ്യങ്ങളിൽ അടിയന്തര പ്രാധാന്യ നിർദേശവും കുട്ടികൾ മുന്നോട്ടുവെച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചർച്ചയും ആവശ്യങ്ങളും അവതരിപ്പിച്ചവർക്ക് സ്പീക്കർ നന്ദി അറിയിച്ച് കൗൺസിൽ പിരിഞ്ഞു. നവംബർ 14ന് സംഘടിപ്പിക്കുന്ന മെഗാ സ്കൂൾ പാർലമെന്‍റിന് മുന്നോടിയായുള്ള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കോർപറേഷനിലെ സ്കൂൾ പാർലമെന്‍റ്. യുനെസ്കോയുടെ പഠന നഗര പദ്ധതിയിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ച നഗരങ്ങളില്‍ ഒന്നാണ് തൃശൂര്‍. ഗ്ലോബല്‍ ഡിസൈനിങ് സിറ്റീസ് ഇനീഷ്യേറ്റിവ് തെരഞ്ഞെടുത്ത ലോകത്തെ 20 നഗരങ്ങളിലും തൃശൂര്‍ ഉള്‍പ്പെട്ടു. ഈ വിഭാഗത്തില്‍ ഏഷ്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തൃശൂര്‍. ഈ പദ്ധതികളുടെ ഭാഗമായി ശിശുസൗഹൃദ നഗരമാക്കി തൃശൂരിനെ മാറ്റുന്നതിന് കുട്ടികളുടെ നിർദേശങ്ങള്‍ ക്രോഡീകരിക്കാനാണ് കുട്ടികളുടെ പാര്‍ലമെന്‍റ് സംഘടിപ്പിച്ചതെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. നിർദേശങ്ങൾ ഗൗരവത്തോടെ കാണുമെന്നും പരിഹാരമുണ്ടാകുമെന്നും മേയർ വ്യക്തമാക്കി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വർഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ച പരിപാടി മേയര്‍ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.എ. ഗോപകുമാര്‍, ഷീബ ബാബു, സാറാമ്മ റോബ്സണ്‍, എ.ആര്‍. രാഹുല്‍നാഥ്, കോര്‍പറേഷന്‍ സെക്രട്ടറി ആര്‍. രാഹേഷ് കുമാര്‍, പി.എ.ടു മേയര്‍ ടോബി തോമസ്, കില ഫാക്കല്‍റ്റികളായ ഡോ. അജിത്ത് കാളിയത്ത്, ഡോ. രാജേഷ്, രേഷ്മ, ആഗില്‍, കുമരത്തി സിന്‍ഹ, വരുണ്‍, ജഗദീശ്വര്‍ എന്നിവര്‍ കുട്ടികളുടെ പാര്‍ലമെന്‍റ് നടത്തുന്നതിന് നേതൃത്വം നല്‍കി.

Tags:    
News Summary - Child representatives leading Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.