ജപ്തി ചെയ്ത വീടിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയവർ
കൊടുങ്ങല്ലൂർ: കാൻസർ ബാധിതയായ വീട്ടമ്മയും ഭർത്താവും ആശുപത്രിയിലായിരിക്കെ നിർധനരായ പട്ടികജാതി കുടുംബത്തിന്റെ കിടപ്പാടം കേരള ബാങ്ക് ജപ്തി ചെയ്തെന്ന് പരാതി. കൊടുങ്ങല്ലൂർ നഗരസഭയിൽ ചന്തപുര വടക്ക് കിഴക്ക് താമസിക്കുന്ന തോട്ടുപുറത്ത് വിഭുലാക്ഷന്റെയും ഭാര്യ വിജയകുമാരിയുടെയും പേരിലുള്ള ഭവനമാണ് കേരള ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.
വിജയകുമാരിയും ഭർത്താവും ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലായിരുന്ന ഒക്ടോബർ 29നാണ് ജപ്തി നടന്നത്. പരിസരവാസികൾ കുടുംബത്തിന്റെ ദൈന്യത പറഞ്ഞെങ്കിലും ബാങ്ക് അധികൃതർ പിൻമാറിയില്ല. തട്ടിപ്പിൽ കുടുങ്ങി വലിയ കടക്കാരായി മാറിയ ഈ കുടുംബത്തോട് ബാങ്ക് ചെയ്തത് ചതിയാണെന്നും ഇതിനെതിരെ മുഴുവൻ ജനങ്ങളും സമരരംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രതിഷേധ സമരം നടത്തുകയും പൂട്ട് പൊളിച്ച് ഇരുവരെയും വീട്ടിൽ കയറ്റുകയുമുണ്ടായി.
സർഫാസിയെന്ന കൊലയാളി നിയമം ഉപയോഗിച്ചാണ് വീട് ജപ്തി ചെയ്ത് കുടംബത്തെ തെരുവിലേക്ക് തള്ളിവിട്ടതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധ യോഗം ജില്ല ചെയർമാൻ പി.എ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ജോ. കൺവീനർ ശാലു എടമുട്ടം, പ്രസാദ്ചേർപ്പ്, സന്തോഷ് എന്നിവർ സം
സാരിച്ചു. വീട് പണിയാൻ കേരള ബാങ്കിന്റെ കൊടുങ്ങല്ലൂർ ബ്രാഞ്ചിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് ആധാരം പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് ഇവർ ലോൺ എടുത്തത്. പിന്നീട് മുൻ മാനേജർ രണ്ടു പ്രാവശ്യം ലോൺ പുതുക്കുകയായിരുന്നുവെന്ന് വിഭുലാക്ഷൻ പറഞ്ഞു. തട്ടിപ്പ് കേസിൽ പ്രതിയായി ഇയാൾ പിന്നീട് മരിച്ചിരുന്നു. 33 ലക്ഷം തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.