representational image

സ്മരണകൾ 31 വർഷങ്ങൾക്കിപ്പുറവും ഇരമ്പുകയാണ്. 1991 ഡിസംബർ 15; അന്നാണ് അഴീക്കോട് ജെട്ടിയിൽ രണ്ട് പേർ ജീവിതത്തിൽ ഒന്നായത്. തലക്കാട്ട് കൊച്ചുവിന്‍റെ മകൾ ഹാജറയുടെയും അബ്ദുൽ ജബ്ബാറിന്‍റെയും വിവാഹ ദിനമായിരുന്നു. പെൺകുട്ടിയുടെ സഹോദരന്മാരുടെ കൂട്ടുകാരും ബന്ധുക്കളും അയൽവാസികളും ചേർന്ന ആഹ്ലാദ നിമിഷങ്ങൾ.

നിക്കാഹും വിവാഹ സൽക്കാരവും കഴിഞ്ഞ് വിരുന്നുകാർ മടങ്ങുകയാണ്. അപ്പോഴാണ് ആ ദുരന്തവാർത്ത എത്തിയത്. അഴീക്കോട് - മുനമ്പം കായൽ കടക്കുന്നതിനിടെ വള്ളം മറിഞ്ഞ് നാല് പേർ മരിച്ചു. ഹാജറയുടെ സഹോദരന്മാരുടെ കൂട്ടുകാരാണ് കായലിന്‍റെ കാണാക്കയത്തിലേക്ക് താഴ്ന്ന് പോയത്.

കണ്ണൂരിൽനിന്നുള്ള സുധിയും എറണാകുളത്തുനിന്ന് വന്ന തങ്കച്ചനുമടക്കം നാലുപേർ. രക്ഷാപ്രവർത്തകർ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച എടവനക്കാട് സ്വദേശിനിയും ദിവസങ്ങൾക്ക് ശേഷം മരിച്ചു.

പഴൂപറമ്പിൽ കൊച്ചുമുഹമ്മദിന്‍റെ വള്ളം തുഴഞ്ഞ ചുങ്കത്ത് കൊച്ചുമുഹമ്മദിന് ആ ദുരന്തം ആഘാതമായി. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കൊങ്കലശേരി അബുവിന് അക്കാലം ഓർക്കുമ്പോൾ കണ്ണുകളിൽ നനവ് പടരും. അഴീക്കോട്നിന്നും മുനമ്പത്തേക്ക് കണ്ണുപായിച്ച് ചായക്കടക്കാരൻ മമ്മാലി അടക്കം ഏറെപേർ എന്നും പുലർച്ചെ മുതൽ ജെട്ടിയിലുണ്ടാവും.

അന്ന് യൗവനയുക്തരായിരുന്ന അവർ അഴീക്കോട് - മുനമ്പം പാലമെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലേക്ക് ചിറക് വിടർത്തുമ്പോഴും സമരഭൂമികയിൽനിന്ന് പിന്മാറിയിട്ടില്ല. ഒരു കേരളപ്പിറവി ദിനത്തിൽ, 2012 നവംബർ ഒന്നിനായിരുന്നു മറ്റൊരു ദുരന്തം.

മുനക്കൽ ബീച്ചിലെത്തിയ നാല് േപർ തിരിച്ചുപോകുന്നതിനിടെ അർധരാത്രി കാർ സഹിതം ജെട്ടിയുടെ ഭാഗത്ത് കായലിൽ പതിച്ചു. ഇരിങ്ങാലക്കുട സ്വദേശികളാണ് മരിച്ചത്. കായൽ അതിർത്തിയിൽ സുരക്ഷിത ഭിത്തി നിർമിക്കാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. നാല് ജീവൻ ബലി നൽകേണ്ടി വന്നു, പിന്നീട് സുരക്ഷ വേലി നിർമിക്കാൻ. കായൽ അലകളിൽ പിന്നീട് പലപ്പോഴും വള്ളവും ബോട്ടും അപകടത്തിൽപ്പെട്ടു.

അടിസ്ഥാന ആവശ്യങ്ങൾക്കും തൊഴിലിനും കായലിനോട് മല്ലിടേണ്ട ഗതികേടിലായി ഇപ്പുറത്ത് അഴീക്കോട്ടും മറുകരയിലെ മുനമ്പം പള്ളിപ്പുറം ഗ്രാമവാസികളും. 2000ത്തോടെ കായൽ ഗതാഗതം ചങ്ങാടത്തിലേക്ക് വികസിച്ചു. 2005ഓടെ ജങ്കാർ സർവിസ് വന്നു.

എന്നാൽ, ജങ്കാർ നിലക്കുമ്പോഴെല്ലാം ബോട്ട് തന്നെ ശരണം. ജങ്കാർ നിലച്ച ഒരുനാളിൽ പകരം വന്ന ബോട്ട് മുങ്ങി. 2007 ആഗസ്റ്റ് 24നായിരുന്നു അത്. ജങ്കാർ തകരാറിലായപ്പോൾ തൃശൂർ ജില്ല പഞ്ചായത്ത് പകരം കൊണ്ടുവന്ന ബോട്ട് മുനമ്പത്തുനിന്ന് അഴീക്കോട്ടേക്കുള്ള യാത്രക്കിടെ മുറിഞ്ഞ ഊന്നുകുറ്റിയിൽ തട്ടി വെള്ളം കയറി മുങ്ങുകയായിരുന്നു.

ബോട്ടുചാലിൽപ്പെട്ട് വെള്ളം കയറിയത് ആരുമറിഞ്ഞില്ല. അഴീക്കോട് കടവിൽ യാത്രക്കാരെ ഇറക്കി മുനമ്പം ജെട്ടിയിലേക്കുള്ളവരെ കയറ്റുന്നതിന് തൊട്ടുമുമ്പ് ബോട്ട് മുങ്ങിയതിനാൽ ദുരന്തം മാറിപ്പോയി. മണൽത്തിട്ടയിൽ ഇടിച്ച് ബോട്ടുകൾ എൻജിൻ നിലച്ച് അഴിമുഖത്തേക്ക് ഒഴുകിയ അനുഭവം പലതവണ ഉണ്ടായി.

ജങ്കാറും ഇത്തരത്തിൽ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ വെച്ചുള്ള പന്താട്ടത്തിനിടയിലും പാഠം പഠിക്കാതെ അധികൃതർ വിളയാട്ടം തുടർന്നു. പാലം വേണമെന്ന തദ്ദേശീയരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ബധിര കർണങ്ങളിലാണ് പതിച്ചത്.

ഏഴ് പതിറ്റാണ്ടായുള്ള കാത്തിരിപ്പ് തുടരുകയാണ്. സമര പരമ്പരകളിലൂടെ തദ്ദേശീയർ നേടിയെടുത്ത അഴീക്കോട്-മുനമ്പം പാലം നിർമാണ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ കൂടെ നിന്നവരെയും പാലം വലിച്ചവരെയും കാര്യസാധ്യക്കാരെയുമെല്ലാം അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അവർ കരുതലോടെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്, തങ്ങളുടെ സ്വപ്ന പദ്ധതി പൂവണിയുന്നത് കാണാൻ.

നാളെ...

ഒന്നാവാൻ കാത്ത് രണ്ടുഗ്രാമങ്ങൾ

Tags:    
News Summary - Azhikode-Munambam Bridge construction-Seven decades of waiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.