എളവള്ളിയിൽ ബൾക്ക് വാട്ടർ പദ്ധതിക്ക് അനുമതി

പാവറട്ടി: എളവള്ളി പഞ്ചായത്തിൽ ബൾക്ക് വാട്ടർ പദ്ധതിക്ക് അനുമതി ലഭിച്ചു. നിലവിലുള്ള ജലനിധി പദ്ധതിക്ക് സഹായകമായി നടപ്പാക്കുന്ന പദ്ധതിക്ക് 45 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചത്.

പഞ്ചായത്തിൽ 8,337 കുടുംബങ്ങളാണുള്ളതെങ്കിലും ജലനിധിയുടെ ഭാഗമായി 3,900 പേർക്ക് മാത്രമാണ് കുടിവെള്ളം വിതരണം ചെയ്തുവരുന്നത്. 4437 ഗുണഭോക്താക്കൾക്ക് കൂടി ഗാർഹിക കണക്ഷൻ ഇനിയും നൽകാനുണ്ട്.

ജലനിധിയുടെ കുടിവെള്ള സ്രോതസ്സ് നിലവിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇതിന് ബദലായാണ് ദേശമംഗലം കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതി നടപ്പാക്കുന്നത്. ദേശമംഗലം, കടങ്ങോട്, വേലൂർ, വരവൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, മുള്ളൂർക്കര, എളവള്ളി പഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദേശമംഗലത്ത് പദ്ധതിയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് എല്ലാ പഞ്ചായത്തുകൾക്കുമുള്ള പൊതുഘടകങ്ങളായി 12 മീറ്റർ വ്യാസമുള്ള കിണർ, പമ്പിങ് സംവിധാനം, 52 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണശാല, 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എളവള്ളി പഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പറയ്ക്കാട് മുടാട്ട്കുന്നിൽ വാട്ടർ അതോറിറ്റിയുടെ 50 സെന്‍റിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ ശേഖരിക്കും.

ഇവിടെനിന്ന് താമരപ്പിള്ളി പൂച്ചക്കുന്നിലെ നിലവിലുള്ള ടാങ്കിലേക്ക് ബൂസ്റ്റർവെച്ച് പമ്പ് ചെയ്യും. തുടർന്നാണ് ഗാർഹിക കണക്ഷനുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുക. പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്ത് രണ്ടര കോടി രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം.

തുക പുതിയ ഗാർഹിക കണക്ഷൻ കൊടുക്കുന്നവരിൽനിന്ന് ഈടാക്കും. 2024ൽ പദ്ധതി പൂർത്തീകരിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. മുരളി പെരുനെല്ലി എം.എൽ.എയുടെ അധ്യക്ഷതയിൽ മുല്ലശ്ശേരി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ്, ജലനിധി ഭാരവാഹികളായ പി.എം. ജോസഫ്, പി.കെ. സുലൈമാൻ, കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി കമ്യൂണിറ്റി ഡെവലപ്മെന്‍റ് മാനേജർ എം.പി. ഷെഹീർ, ടെക്നിക്കൽ മാനേജർ എം.എസ്. സജിത്ത്, കേരള വാട്ടർ അതോറിറ്റി തൃശൂർ എക്സിക്യൂട്ടീവ് എൻജിനീയർ പി. ജയപ്രകാശ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എച്ച്.ജെ. നീലിമ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Approval for bulk water project at Elavalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.