കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തില്‍ നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയായതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ചിമ്മിനി ഡാം നിർമാണത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട 17 കുടുംബങ്ങള്‍ക്ക് നടാംപാടം കള്ളിച്ചിത്ര കോളനിയില്‍ 65 സെന്റ് സ്ഥലം വീതമാണ് നല്‍കിയിരുന്നത്.

വനാവകാശ നിയമപ്രകാരം ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരു എക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് കൂടി നല്‍കാനാണ് സര്‍ക്കാര്‍ നടപടിയായത്. ഇവര്‍ക്കായി മുപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്കൂളിനടുത്ത് ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര എക്കര്‍ സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജൻ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് മൂപ്ലിയം വില്ലേജ് ഓഫിസില്‍ തുടര്‍നടപടികള്‍ക്കായുള്ള യോഗം ചേരും.

ഏഴര ഏക്കറിന് വേണ്ടി കാത്തിരുന്നത് മൂന്ന് പതിറ്റാണ്ട്

ആമ്പല്ലൂര്‍: ഏഴര ഏക്കറിനുവേണ്ടി മൂന്ന് പതിറ്റാണ്ട് കാത്തിരിക്കുകയും വര്‍ഷങ്ങളോളം സമരം ചെയ്യേണ്ടിവന്നവരുമാണ് കള്ളിച്ചിത്രയിലെ ആദിവാസികള്‍. ചിമ്മിനി കാട്ടിലെ കള്ളിച്ചിത്ര എന്ന സ്ഥലത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നവരാണിവര്‍.

1976ല്‍ ചിമ്മിനി ഡാം നിർമാണവുമായി ബന്ധപ്പെട്ട് കള്ളിച്ചിത്രയിലെ 14 ആദിവാസി കുടുംബങ്ങളെ എര്‍ത്ത് ഡാം പരിസരത്തേക്ക് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. ഡാമില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് കള്ളിച്ചിത്ര ആദിവാസി ഊരിലേക്ക്. 1989ലാണ് ഇവരെ ചിമ്മിനിയിലേക്ക് മാറ്റിയത്. 1992ല്‍ സര്‍ക്കാര്‍ കുടുംബങ്ങളെ വരന്തരപ്പിള്ളി പഞ്ചായത്തിലെ നടാംപാടത്തേക്ക് പുനരധിവസിപ്പിച്ചു. ഈ സമയത്ത് 17 കുടുംബങ്ങളാണുണ്ടായിരുന്നത്.

ഓരോ കുടുംബത്തിനും നടാംപാടത്ത് ഒരു ഏക്കര്‍ ഭൂമിയും മുഴുവന്‍ കുടുംബത്തിന്റെയും പൊതു ആവശ്യത്തിന് മൂന്ന് ഏക്കര്‍ ഭൂമിയും നല്‍കാമെന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. മാത്രമല്ല ഓരോ കുടുംബത്തിലെയും ഒരു അംഗത്തിന് ജോലി നല്‍കാമെന്ന ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍, ഓരോ കുടുംബത്തിനും 65 സെന്റ് ഭൂമി മാത്രമാണ് നല്‍കിയത്. പൊതുആവശ്യത്തിന് ഒരു ഏക്കര്‍ 45 സെന്റ് ഭൂമിയും നല്‍കി. ബാക്കി ഭൂമി പിന്നീട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മാറി വന്ന സര്‍ക്കാറുകള്‍ സാങ്കേതി കാരണങ്ങള്‍ ഉന്നയിച്ച് കാടിന്റെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കിയില്ല. ഇതേതുടര്‍ന്ന് 2009ല്‍ ആദിവാസികള്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

2015 ല്‍ ഭൂമിക്കുവേണ്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് ജില്ല കലക്ടര്‍ കോളനി സന്ദര്‍ശിച്ചെങ്കിലും ഭൂമി പ്രശ്‌നത്തിന് പരിഹാരമായില്ല. 2016ല്‍ ഹൈകോടതിയില്‍നിന്ന് ആദിവാസികള്‍ക്ക് അനുകൂലമായി വിധിയുണ്ടായി.

ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നായിരുന്നു ഉത്തരവ്. കോടതി വിധി നടപ്പാകാതിരുന്നതിനെതുടര്‍ന്ന് 2016 മാര്‍ച്ച് മൂന്നിന് കള്ളിച്ചിത്ര കോളനിവാസികള്‍ പീച്ചി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങി. പിന്നീട് വനം മന്ത്രി വിളിച്ച ചര്‍ച്ചയില്‍ 10 ഏക്കര്‍ നല്‍കാമെന്നും വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കി.

ആ ഉറപ്പും ജലരേഖയായതിനെതുടര്‍ന്ന് 2017 മേയില്‍ ആദിവാസികള്‍ പാലപ്പിള്ളി റേഞ്ച് ഓഫിസിന് മുന്നില്‍ കുടില്‍കെട്ടി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സമരവുമായി ബന്ധപ്പെട്ട് ഹൈകോടതി ജില്ല കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിനുശേഷം രണ്ട് മാസത്തിനുള്ളില്‍ ഭൂമി നല്‍കണമെന്ന് കോടതി വിധിയുണ്ടായി.

ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ആദിവാസികള്‍. 2018ല്‍ രണ്ട് ആഴ്ചക്കുള്ളില്‍ ഭൂമി കൈമാറണമെന്ന് കോടതി വിധിച്ചെങ്കിലും നടപ്പാക്കാതിരുന്നതിനെതുടര്‍ന്ന് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. തുടര്‍ന്നാണ് ഒരോ കുടുംബത്തിനും മുപ്ലിയത്ത് 35 സെന്റ് വീതം നല്‍കാന്‍ നടപടിയായത്.

Tags:    
News Summary - Action to give land to 17 families in Kallichitra Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.