കൊടകര: ചിമ്മിനി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ആറ്റപ്പിള്ളി പാലത്തിന്റെ ദുര്‍ബലാവസ്ഥയിലുള്ള അപ്രോച്ച് റോഡ് വീണ്ടും ഇടിയുമോ എന്ന് ആശങ്ക ഉയരുന്നു. അപ്രോച്ച് റോഡില്‍ കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായതുപോലുള്ള മണ്ണിടിച്ചിലാണ് പ്രദേശവാസികള്‍ ഭയക്കുന്നത്.
മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറുമാലി പുഴയില്‍ നിര്‍മിച്ച ആറ്റപ്പിള്ളി പാലത്തിന്റെ മറ്റത്തൂര്‍ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിലാണ് 2021 ജൂണില്‍ മണ്ണിടിച്ചിലുണ്ടായത്.
പാലത്തിനോട് ചേര്‍ന്ന് റോഡിനുനടുവില്‍ കിണറിന്റെ ആകൃതിയില്‍ മണ്ണ് ഇടിഞ്ഞുതാഴ്ന്ന് ഗർത്തം രൂപപ്പെടുകയായിരുന്നു. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഗർത്തം രൂപപ്പെട്ട സ്ഥലത്ത് കരിങ്കല്‍ച്ചീളുകളും മണ്ണും ഉപയോഗിച്ച് മൂടിയെങ്കിലും ഏതാനും മാസങ്ങള്‍ക്കുശേഷം വീണ്ടും ഇതേ സ്ഥലത്തുതന്നെ കൂടുതല്‍ മണ്ണിടിച്ചിലിലുണ്ടായി. ഇതേതുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു.
പാലം നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പാലത്തിന് ബലക്ഷയമുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും അപ്രോച്ച് റോഡിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ജലവിഭവ വകുപ്പിനു കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധ സംഘം പാലത്തില്‍ ബലപരിശോധന നടത്തുകയും പാലത്തിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ദുര്‍ബലമായ അപ്രോച്ച് റോഡ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കാനുള്ള തീരുമാനവുമുണ്ടായി. അപ്രോച്ച് റോഡിന്റെ പുനര്‍നിർമാണത്തിനു മുന്നോടിയായി കഴിഞ്ഞ നവംബറില്‍ ഇവിടെ പൈലിങ് നടത്തി മണ്ണിന്റെ ഉറപ്പ് പരിശോധിക്കുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നാട്ടുകാരുടെ സുരക്ഷിതയാത്രക്ക് കനമുള്ള ഇരുമ്പുഷീറ്റുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക അപ്രോച്ച് റോഡ് സ്ഥാപിക്കാനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍, റോഡില്‍ മണ്ണിടിച്ചിലുണ്ടായി ഒരുവര്‍ഷം പിന്നിടുമ്പോഴും ഒരു തരത്തിലുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടില്ല.
മഴ കനത്ത് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ പുഴയില്‍ കുത്തൊഴുക്ക് വര്‍ധിച്ച് അപ്രോച്ച് റോഡിനടിയില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയാണ് നാട്ടുകാര്‍ക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.