തൃശൂർ: കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതി കൂട്ടിചേർത്തുള്ള കോർപറേഷന്റെ പുതിയ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു. ഇത് വരുന്നതോടെ നിലവിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ ഇല്ലാതാകുമെന്ന് മേയർ എം.കെ. വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ കരട് മാസ്റ്റർ പ്ലാൻ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത ശേഷം മാത്രമെ നടപ്പാക്കാൻ സാധിക്കുകയുള്ളു.
ഏറെ ആക്ഷേപങ്ങൾ നിലനിന്ന നിലവിലെ മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സ്പെഷൽ കൗൺസിൽ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണപക്ഷം വഴങ്ങിയിരുന്നില്ല. പ്രതിപക്ഷം ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച സ്പെഷൽ കൗൺസിൽ ചേരും.
പുതിയ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് 20ന് മേയർ ചെയർമാനായി രൂപവത്കരിച്ച സ്പെഷൽ കമ്മിറ്റി യോഗം ചേരും. നടപടി ക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും. എല്ലാ കക്ഷികളുടെയും അംഗങ്ങൾ സ്പെഷൽ കമ്മിറ്റിയിൽ ഉണ്ട്.
സർക്കാർ അംഗീകരിച്ച ശേഷമേ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനാവൂ. അമൃത് സിറ്റി മാസ്റ്റർ സുതാര്യമാവണമെങ്കിൽ പൊതു ജനങ്ങൾക്ക് ഏത് സമയവും പരാതികൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടാകണമെന്നും നൂലാമാലകൾ നിറഞ്ഞ നിലവിലെ മാസ്റ്റർപ്ലാൻ രണ്ടുവർഷമെങ്കിലും നിലനിൽക്കുമെന്നതിനാൽ അമൃത് സിറ്റി മാസ്റ്റർ പ്ലാൻ എത്രയും വേഗം അംഗീകരിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കണമെന്ന് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.