ഠാണ-ചന്തക്കുന്ന് സാമൂഹികാഘാത പഠനം പൂർത്തിയായി; പബ്ലിക് ഹിയറിങ് 22ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ-ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ പ്രധാന ജങ്​നുകളിൽ ഒന്നായ ഇരിങ്ങാലക്കുട ഠാണ-ചന്തക്കുന്ന് റോഡിന്‍റെ വികസനം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. റോഡ് വികസനം സാധ്യമാകുന്നതോടെ നഗരത്തിലൂടെയുള്ള ഗതാഗതം സുഗമമാകും. സാമൂഹികാഘാത പഠനത്തിന്‍റെ കരട് റിപ്പോർട്ട് നിർവഹണ ഏജൻസി കലക്ടർക്ക് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 22ന് വൈകീട്ട് മൂന്നിന്​ ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് ഹാളിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.7190 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്‌കോ ആർട്സ് ആൻഡ്​ സയൻസ് കോളജിന്‍റെ നേതൃത്വത്തിലായിരുന്നു സാമൂഹികാഘാത പഠനം നടന്നത്. പബ്ലിക് ഹിയറിങ്ങിൽ കരട് റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.