വാനര വസൂരി: 21 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ - മന്ത്രി കെ. രാജൻ

തൃശൂർ: ചാവക്കാട്​ കുരഞ്ഞിയൂര്‍ സ്വദേശി വാനര വസൂരി ബാധിച്ച്​ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. അതേസമയം ജാഗ്രത പാലിക്കണമെന്ന്​ മന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞമാസം 21ന്​ എത്തി 27 വരെ മരിച്ചയാൾ സഞ്ചരിച്ച സ്ഥലങ്ങൾ പരിശോധിച്ചിരുന്നു. സമ്പര്‍ക്കമുള്ള 21 പേര്‍ നിരീക്ഷണത്തിലുണ്ട്. സുഹൃത്തുക്കള്‍, വീട്ടുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. ഏതെങ്കിലും വിധത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. മരിച്ച യുവാവിന് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. 21ന് രോഗം പകർന്നിരുന്നെങ്കിൽ മറ്റുള്ളവർക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവരില്‍ ചെറിയ ലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരെ കാണണം. അതേസമയം മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്​. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജവുമാണ്​. ഇത്​ സംബന്ധിച്ച്​ സമഗ്ര അന്വേഷണം നേരത്തെതന്നെ ആരോഗ്യ​ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് കലക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം നേരിടാന്‍ മെഡിക്കല്‍ കോളജിലും ജില്ല ആശുപത്രിയിലും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഐസൊലേഷന്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും അടിയന്തരമായി ആരോഗ്യ വകുപ്പിനെ സമീപിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.