പുതുക്കാട്ട് വീണ്ടും എ.ടി.എം കവര്‍ച്ച; 1.74 ലക്ഷം തട്ടി

ആമ്പല്ലൂര്‍: പുതുക്കാട്ട് വീണ്ടും എ.ടി.എം കവര്‍ച്ച. എസ്.ബി.ഐ തൊറവ് ശാഖയുടെ എ.ടി.എം കൗണ്ടറില്‍ നിന്ന് ഒരുമാസത്തിനിടെ രണ്ടു തവണയായി 1.74 ലക്ഷം നഷ്ടപ്പെട്ടതായാണ് പരാതി. പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപത്തെ ബാങ്കിന്‍റെ പ്രധാന ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ബാങ്ക് അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ബുധനാഴ്ച പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. നിക്ഷേപിച്ച ശേഷം മെഷീനില്‍ സാങ്കേതിക തകരാര്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. ജൂണ്‍ 28, ജൂലൈ 28 ദിവസങ്ങളിലാണ് കവര്‍ച്ച നടത്തിയത്. ബാങ്ക് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പുതുക്കാട് പൊലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ രീതിയില്‍ തട്ടിപ്പുകള്‍ മറ്റിടങ്ങളില്‍ നടന്നിട്ടുണ്ടോയെന്ന് ബാങ്ക് അധികൃതരും പൊലീസും അന്വേഷിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പുതുക്കാട് ദേശീയപാതക്ക് സമീപത്തെ മറ്റൊരു എ.ടി.എം കൗണ്ടറിലും സമാനരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് അന്തര്‍ സംസ്ഥാനക്കാരായ രണ്ടുപേരാണ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.