പാലിയേക്കര ടോൾ: പണി പൂർത്തിയായില്ല; പിരിച്ചത് 1052 കോടി

തൃശൂർ: കരാർ പ്രകാരമുള്ള പ്രവൃത്തി പൂർത്തീകരിക്കാതെ പാലിയേക്കരയിൽ ടോൾ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 1052 കോടി രൂപ. ടോൾ പിരിവ് ആരംഭിച്ച് 125 മാസം കഴിഞ്ഞിട്ടും ഇനിയും നിർമാണപ്രവൃത്തി ബാക്കിയുണ്ടെന്ന് തൃശൂർ ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷിനേതാവും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ അഡ്വ. ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ രേഖാമൂലമുള്ള മറുപടിയിൽ ദേശീയപാത അതോറിറ്റിതന്നെ സമ്മതിക്കുന്നു. 2016 ഏപ്രിൽ 18ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ പഞ്ച് ലിസ്റ്റിൽ പറഞ്ഞിരുന്ന പ്രവൃത്തികൾ ഇപ്പോഴും ബാക്കിയാണ്. ചാലക്കുടി അടിപ്പാത 24 ശതമാനം മാത്രമാണ് തീർന്നിട്ടുള്ളത്. പുതുക്കാട് അടിപ്പാതയും അനുബന്ധ സർവിസ് റോഡ്, ഡ്രെയിനേജുകൾ എന്നിവയുമൊന്നും തുടങ്ങിയിട്ടില്ലെന്നും ഇത് ഭാരത്​മാല പരിയോജന പദ്ധതിയിൽപെടുത്തി ഇനി ആറുവരിപ്പാത വരുമ്പോൾ മാത്രമേ ചെയ്യുള്ളൂവെന്നുമാണ് മറുപടിയിൽ പറയുന്നത്. ഇതിനുപുറമെ ഡ്രെയിനേജുകൾ, കൾവർട്ട് എന്നിവയും ടോൾ പ്ലാസയിലെ ചില പ്രവൃത്തികളും ഹൈവേ ട്രാഫിക് മാനേജ്‍മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവൃത്തിയും തീർന്നിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ ചെയ്യേണ്ട റീ ടാറിങ് രണ്ട് തവണയായി ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. കരാർ പ്രകാരമുള്ള പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിലും വർഷാവർഷം സെപ്​റ്റംബറിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയം. കോടികൾ പിരിച്ചെടുക്കുമ്പോൾ കരാറിൽ പറയുന്ന സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നില്ല. 2012 ഫെബ്രുവരിയിലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 825 കോടിയാണ് ദേശീയപാത നിർമാണത്തിന് ചെലവിട്ടതെന്നാണ് ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക കണക്ക്. 10 വർഷംകൊണ്ടാണ് പണിയൊന്നും പൂർത്തിയാക്കാതെ 1052 കോടി പിരിച്ചെടുത്തത്. 2028 വരെ ടോൾ പിരിക്കാൻ അനുമതിയുണ്ട്. പണി പൂർത്തീകരിക്കാതെ ഈ വർഷം വർധനക്ക്​ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും ഈ കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, കലക്ടർ എന്നിവർക്കും കത്ത് നൽകിയതായി ജോസഫ് ടാജറ്റ് അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. ടോൾ തുടങ്ങുന്ന സമയം കേവലം 10,000 വാഹനങ്ങളാണ് കടന്നുപോയിരുന്നതെങ്കിൽ ഇപ്പോൾ 36,000 വാഹനങ്ങളാണ്. തുടങ്ങുമ്പോൾ മാസത്തിൽ മൂന്ന് കോടിരൂപയാണ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ശരാശരി 13 കോടിയാണ് ലഭിക്കുന്നത്. കരാർലംഘനം നടത്തിയാൽ ടോൾ കമ്പനിയെ കരാറിൽനിന്ന് ഒഴിവാക്കാൻതന്നെ നിബന്ധനയുണ്ടെന്നിരിക്കെ ഇങ്ങനെ കോടികൾ നേട്ടമുണ്ടാക്കാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വെല്ലുവിളിയാണെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.