റോഡ്​ നവീകരണത്തിന്​ മുമ്പ്​ ജല അതോറിറ്റി പൈപ്പുകൾ പുനസ്ഥാപിക്കും

റോഡ്​ നവീകരണത്തിന്​ മുമ്പ്​ ജല അതോറിറ്റി പൈപ്പുകൾ പുനഃസ്ഥാപിക്കും ആമ്പല്ലൂർ: പുതുക്കാട് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ബി.എം.ബി.സി നവീകരണത്തിന്​ മുമ്പ് ജല അതോറിറ്റി പൈപ്പുകള്‍ പുനഃസ്ഥാപിക്കും. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതുക്കാട് മണ്ഡലത്തിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മാട്ടുമലയില്‍ നിര്‍ദിഷ്ട വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമിക്കാനുള്ള സ്ഥലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജോയന്‍റ് വെരിഫിക്കേഷന്‍ നടത്തി തുടര്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി ഏഴ്​ വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന മറ്റത്തൂര്‍ കുന്നിലെ വാട്ടര്‍ ടാങ്ക് പ്രയോജനപ്പെടുത്താന്‍ നടപടി വേണമെന്ന്​ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ജൽ ജീവന്‍ മിഷന്‍റെ ഭാഗമായി വെട്ടിപ്പൊളിച്ച പഞ്ചായത്ത് റോഡുകള്‍ പൂർവസ്ഥിതിയിലാക്കാനുള്ള നടപടികള്‍ വൈകരുതെന്ന് യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു. പുതുക്കാട്, പറപ്പൂക്കര, അളഗപ്പനഗര്‍, കുടിവെള്ള പദ്ധതി വിപുലീകരണത്തിനായി പൈപ്പുകള്‍ സ്ഥാപിക്കാനുള്ള റെയില്‍വേയുടെ അനുമതി ഇനിയും ലഭ്യമായിട്ടില്ലെന്ന്​ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തിൽ അറിയിച്ചു. 2017ല്‍ നല്‍കിയ അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് 2020ല്‍ പുതുക്കിയ സോയില്‍ ടെസ്റ്റ് റിപ്പോര്‍ട്ട് അടക്കം സമര്‍പ്പിച്ചിട്ടും അനുമതി നീളുകയാണ്. അനുമതി ലഭിക്കുന്ന മുറക്ക്​ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തിൽ അറിയിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. രഞ്ജിത്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, ഇ.കെ. അനൂപ്, അജിത സുധാകരന്‍, അശ്വതി വിബി, മറ്റ് ജനപ്രതിനിധികള്‍, നോഡല്‍ ഓഫിസര്‍ രേഖ പി. നായര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.പി. രേഷ്മ, പ്രോജക്ട് ഡയറക്ടര്‍ കെ.ജെ. സുനില്‍, അസി. എന്‍ജിനീയര്‍മാരായ സി.കെ. ലിജി, വി. ജയകുമാര്‍, സർവേയര്‍ പി.ആര്‍. സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.