തീവിലയില്ലാതെ പച്ചക്കറി; ഇക്കുറി വിഷു വിപണിയിൽ ആശ്വാസം

തൃശൂർ: കഴിഞ്ഞ മാസങ്ങളിലെ കുറഞ്ഞ വില അൽപം കയറിയിട്ടുണ്ട്​​. എന്നാൽ, നാല്​ മാസത്തിന്​​ അപ്പുറമുള്ള തീവിലയില്ല. വിഷുവേളയിലെ കുത്തനെ കൂടുന്ന വിലയുമില്ല. അതുകൊണ്ടുതന്നെ വിഷു പച്ചക്കറി വിപണിയിൽ ആശ്വാസമാണുള്ളത്​. വിഷുവിന് മുന്നോടിയായി വില കൂടാറുണ്ടെങ്കിലും ഇക്കുറി നേരിയ വർധന മാത്രം. ആവശ്യത്തിന്​ സാധനം വിപണിയിൽ കിട്ടാനുള്ളതാണ്​ വില കയറാതിരിക്കാൻ കാരണം. അതേസമയം, വിഷുത്ത​ലേന്നായ വ്യാഴാഴ്ച ഇവ​ക്ക്​ വില വല്ലാതെ കയറാൻ സാധ്യതയുണ്ടെന്ന്​ കച്ചവടക്കാർ തന്നെ പറയുന്നു. സർക്കാർ വിപണിയിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ജനം വലിയ വില നൽകേണ്ടിവരും. വെണ്ടക്കയും പയറുമാണ് വിലനിലവാര പട്ടികയിൽ മുന്നിൽ. 70 രൂപയുണ്ട് രണ്ടിനും മൊത്തവിപണിയിൽ. ചില്ലറ കച്ചവടക്കാർ എൺപതിലേറെ രൂപക്കാണ്​ വിൽക്കുന്നത്​. ബീൻസിന്​ 65 മുതൽ 70 രൂപ വരെ വിലയുണ്ട്​. മത്തനും കുമ്പളത്തിനും ചേനക്കും 20 രൂപയിൽ താഴെയാണ്​ വില. നാടൻ തക്കാളിയും 30 രൂപക്ക്​ കിട്ടുന്നുണ്ട്. സാധാരണ 100 രൂപയുടെ മീതെ വില ഉയരാറുള്ള മുരിങ്ങക്കക്ക്​ 30 രൂപയാണ്​ ചില്ലറവില. മേട്ടുപാളയം, ഹൊസൂർ, മൈസൂരു, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പച്ചക്കറികളും എത്തുന്നത്. കേരളത്തിൽ മഴയുണ്ടെങ്കിലും തമിഴ്നാട്ടിലെ കാലാവസ്ഥ കൃഷിക്ക്​ ഇപ്പോൾ അനുകൂലമാണ്. അതുകൊണ്ടാകാം വിലക്കയറ്റമുണ്ടാകാതിരുന്നതെന്നാണ് കരുതുന്നതെന്ന് കച്ചവടക്കാർ പറയുന്നു. നാല് മാസം മുമ്പ്​ വൻ വിലക്കയറ്റമായിരുന്നു. വിലക്കയറ്റം തടയാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ ധാരണപത്രം ഒപ്പിട്ടതിന് പിന്നാലെ ഹോർട്ടികോർപ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കെത്തിയിരുന്നു. പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കേരളത്തിലെത്തിക്കാനും പലയിടങ്ങളിലും സ്ഥിരം സംഭരണ യൂനിറ്റ് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. വില വർധന നിയന്ത്രിക്കാൻ കൃഷി വകുപ്പ് 'തക്കാളി വണ്ടി' പദ്ധതിയും നടപ്പാക്കിയിരുന്നു. കേരളത്തിൽ വേനൽമഴ വൈകിയെത്തിയതാണ്​​ നാടൻ പച്ചക്കറി ലഭിക്കുന്നതിന്​ കാരണം. സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്ത്​​ വിൽക്കുന്നുണ്ട്​. ഇതുകൂടാതെ സഹകരണ ബാങ്കുകൾ അടക്കം നടത്തുന്ന ചന്തയും ജില്ലയിൽ വിവിധ മേഖലകളിൽ സജീവമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT