കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ഭക്തസാഗരം കാവുതീണ്ടി

കൊടുങ്ങല്ലൂർ: ഗോത്രവർഗ സംസ്​കൃതിയുടെ താളം നിറഞ്ഞാടിയ കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ഭക്തസാഗരം കാവുതീണ്ടി സായൂജ്യം നേടി. ഞായറാഴ്ച വൈകീട്ട്​ 4.40ഓടെയായിരുന്നു ചരിത്രപ്രസിദ്ധമായ അശ്വതി കാവുതീണ്ടൽ. ആർത്തിരമ്പുന്ന കടൽ പോലെ ക്ഷേത്രാങ്കണത്തെ പ്രകമ്പനം കൊള്ളിച്ച ഭക്തസമൂഹം ക്ഷേത്രത്തിന്​ ചുറ്റും കുതിച്ചുപാഞ്ഞ്​ കാവ്​ തീണ്ടുകയായിരുന്നു​. ദേവിഭക്തിയുടെ ഉത്തുംഗതയിൽ ഉടവാളു​കൊണ്ട്​ ശിരസ്സിൽ വെട്ടി നിണമൊഴുക്കി​ ഉറഞ്ഞ്​ തുള്ളുന്ന കോമരങ്ങളുടെ രൗദ്രഭാവവും ഭക്തസംഘങ്ങളുടെ ചടുലതാളവും നിറഞ്ഞുനിൽക്കേ കാവുതീണ്ടലിന്​ അനുമതിയായി. കിഴക്കേ നിലപാട്​ തറയിൽ ഉപവിഷ്​ടനായ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. കുഞ്ഞുണ്ണിരാജ അനുമതി നൽകുന്നതിന്‍റെ അടയാളമായി കോയ്​മ ചുവന്ന പട്ടുകുട നിവർത്തി. ഇതോടെ ​ ഭക്തിപാരവശ്യവുമായി നിലകൊണ്ട ജനസഞ്ചയം ക്ഷേത്രത്തിന്​ ചുറ്റും ഇരമ്പിപാഞ്ഞു. കാൽചിലമ്പും അരമണിയും കിലുക്കി ഭക്തിലഹരിയിൽ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും മുളന്തണ്ടിൽ താളമിട്ട്​ തന്നാരം പാട്ടുകളും ദേവീസ്​തുതികളുമായി നിലകൊണ്ട ഭക്തരും ക്ഷേത്രത്തിന്​ ചുറ്റും കുതിച്ചു. ക്ഷേത്രത്തെ മൂന്നു തവണ​ പ്രദക്ഷിണം വെച്ച്​ വലിയ തമ്പുരാനെ വണങ്ങിയാണ്​ പുറത്തേക്ക്​ പോയത്​. ഓട്ടത്തിനിടെ പലരും കാർഷിക വസ്​തുക്കൾ ഉൾ​പ്പെടെയുള്ള നേർച്ചവസ്​തുക്കൾ സന്നിധിയിലേക്ക്​ എറിഞ്ഞു. മണിക്കൂറിലേറെ നീണ്ട കാവുതീണ്ടൽ ​കഴിഞ്ഞ്​ ശാന്തമായൊഴുകുന്ന നദിപോലെയായിരുന്നു നഗരപാതയിലൂ​ടെയുള്ള ഭക്തരുടെ തിരിച്ചുപോക്ക്​. പല്ലക്കിൽ എഴുന്നള്ളിയെത്തിയ വലിയ തമ്പുരാൻ അനുമതി നൽകിയതോടെയാണ്​ ​ വർഷത്തിൽ ഒരിക്കൽ മാത്രം ഭരണി മഹോത്സവത്തോട്​ അനുബന്ധിച്ച്​ നടക്കുന്ന തൃചന്ദന ചാർത്ത്​ പൂജക്ക്​ തുടക്കമായത്​. അടികൾമാർ പുജാകർമ്മം നിർവഹിച്ച്​ പുറത്തിറങ്ങിയ ശേഷം ബലിക്കൽ പുരയിൽ ഉപവിഷ്ടനായിരുന്ന വലിയ തമ്പുരാൻ അധികാര ദണ്ഡ്​​​ കൈമാറി. തുടർന്ന് നിലപാട് തറയിൽ എഴുന്നള്ളി അനുമതി നൽകിയതോടെയാണ്​ കാവുതീണ്ടലായത്​​. പാലക്കവേലൻ എന്ന ഭിഷഗ്വരനായി വിശേഷിപ്പിക്കപ്പെടുന്ന ചിറക്കൽ ദേവിദാസനാണ്​​ ആദ്യം കാവുതീണ്ടിയത്. നിലപാട് തറയിൽ ഉപവിഷ്ടനായ വലിയ തമ്പുരാനോടൊപ്പം റവന്യൂ, പൊലീസ്, ദേവസ്വം ഉദ്യോഗസ്ഥരും, ദേവസ്വം ഭരണസമിതി ഭാരവാഹികളും സന്നിഹിതരായിരുന്നു. നാട്ടുകാർക്ക്​ മുഖ്യ പങ്കാളിത്തമുള്ള ഭരണി ആഘോഷം തിങ്കളാഴ്ചയാണ്​​. TCG.KDR.BARANI KAVUTHEENDA: കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന് ചുറ്റും കുതിച്ചുപാഞ്ഞ് കാവുതീണ്ടുന്ന ഭക്തർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.