ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിക്ക് പരാതി അയച്ചു തൃശൂർ: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാട്ടാന സംരക്ഷണ സമിതിയിൽ (പ്രോജക്ട് എലിഫൻറ് ഹെൽത്ത് കെയർ ആൻഡ് വെൽഫെയർ കമ്മിറ്റി) ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാവിനെ നിയമിച്ചത് വിവാദത്തിൽ. വനം-വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന് വനം വകുപ്പും ക്രമസമാധാനപാലന ലംഘനത്തിന് പൊലീസും കേസെടുത്ത ബി.ജെ.പി നേതാവിനെയാണ് കേന്ദ്ര നാട്ടാന നിരീക്ഷണ സമിതിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചടയമംഗലത്ത് ബി.ജെ.പി സ്ഥാനാർഥി കൂടിയായിരുന്ന പട്ടത്താനം വിഷ്ണുവിനെയാണ് സമിതിയിൽ കേരളത്തിൽനിന്നുള്ള പ്രതിനിധിയായി നിയമിച്ചത്. കേരളത്തിൽനിന്ന് നിരവധിയാളുകൾ ഇതിനായി ശ്രമം നടത്തിയിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലാണ് വിഷ്ണു പട്ടത്താനത്തിന്‍റെ നിയമനത്തിന് പിന്നിലെന്ന് പറയുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് സമിതി പുനഃസംഘടിപ്പിക്കുന്നത്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പണത്തിന് വന്യമൃഗങ്ങളെ കൈമാറ്റം ചെയ്യാൻ അനുമതിയില്ലെന്നിരിക്കെ നാട്ടാനകളെ വാടകക്ക് നൽകുന്നയാളാണ് വിഷ്ണു. സർക്കാറിന്‍റെ നിയന്ത്രണമുള്ള സമിതിയിലേക്ക് ഇത്തരമൊരാളെ നിയമിക്കുന്നതിലൂടെ വന്യമൃഗങ്ങളുടെ വാണിജ്യവത്കരണത്തെ സർക്കാർ അനുകൂലിക്കുന്നു എന്ന തെറ്റായ സന്ദേശം പ്രചരിക്കാനിടയാവുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആനകളെ വാടകക്ക് നൽകുന്നതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള പോസ്റ്റ് പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിഷ്ണു തന്നെ പരസ്യപ്പെടുത്തിയ വിവരങ്ങളിലാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് എടുത്ത രണ്ട് കേസും ക്രമസമാധാന ലംഘനത്തിന് പൊലീസ് ചുമത്തിയ കേസുകളും വിശദീകരിക്കുന്നത്. ഇവയുടെ പകർപ്പുകളും പരാതിയോടൊപ്പം പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ നിയമിച്ച നടപടി തിരുത്തി ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നയാളെ നിയമിക്കണമെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെടുന്നു. പാപ്പാന്മാർ, സംരക്ഷകർ, മൃഗഡോക്ടർമാർ, ആനയോടുള്ള ക്രൂരതകൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വിദഗ്ധർ തുടങ്ങിയവർ ഇല്ലാത്തതാണ് കേന്ദ്ര നാട്ടാന നിരീക്ഷണ സമിതിയെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.