അപേക്ഷ തീയതിക്ക്​ ശേഷം പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്​ നൽകിയത്​ അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

തൃശൂർ: ജോലിക്ക്​ അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് ശേഷം പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായി അപേക്ഷിക്കാനുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് യഥാസമയം നൽകാത്ത ഡി.ടി.പി.സി സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് കമീഷൻ അംഗം വി.കെ. ബീനാകുമാരിയാണ്​ ടൂറിസം ഡയറക്ടർക്ക്​ നിർദേശം നൽകിയത്​. കുന്നംകുളം സ്വദേശി അനിത്ത് ഷേറു ചുങ്കത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതി സംബന്ധിച്ച്​ ടൂറിസം ഡയറക്ടറിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. അപേക്ഷകൻ താൽക്കാലിക ജീവനക്കാരൻ ആയതിനാൽ നിയമനം സംബന്ധിച്ച രേഖകൾ ലഭ്യമായിരുന്നില്ലെന്നും സെക്രട്ടറിയുടെ ഭാഗത്തുനിന്ന്​ മനപ്പൂർവം വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ്​ ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്​. 2021 സെപ്റ്റംബർ 15ന് ഡി.ടി.പി.സി പരാതിക്കാരന് നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കമീഷൻ പരിശോധിച്ചു. പരാതിക്കാരൻ സെപ്റ്റംബർ ആറിനാണ്​ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്​. സെപ്റ്റംബർ 14നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഇക്കാര്യം സെക്രട്ടറിക്ക് അറിയാമായിരുന്നിട്ടും പിറ്റേന്ന്​ സർട്ടിഫിക്കറ്റ് നൽകിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് കമീഷൻ നിരീക്ഷിച്ചു. 2021 ഫെബ്രുവരി എട്ടിന്​ ദിവസ വേതനക്കാരുടെ വേതനം വർധിപ്പിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനം സെക്രട്ടറി നടപ്പാക്കിയില്ലെന്നും കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.