ആറ്റപ്പിള്ളി, തോട്ടുമുഖം പദ്ധതികൾ ഉടൻ പൂർത്തിയാക്കും -മന്ത്രി റോഷി അഗസ്റ്റിൻ

ആമ്പല്ലൂർ: പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റർ, തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം. മണ്ഡലത്തിലെ ജലസേചന, ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡ് പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം ഇതി​ന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പിടൽ അടക്കമുള്ള പണികൾ ഉടൻ തീർക്കും. ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിക്കാനാവശ്യമായ ഇടപെടൽ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. തോട്ടുമുഖം ഇറിഗേഷൻ കമീഷൻ ചെയ്യാനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ ഒന്നാംഘട്ട ഉദ്ഘാടനവും കാനത്തോട് കുണ്ടുകടവ് പാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണോദ്ഘാടനവും ഉടൻ നടത്താനും യോഗത്തിൽ തീരുമാനിച്ചു. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ പണികളും അടിയന്തരമായി പൂർത്തിയാക്കും. റോഡ് നവീകരണത്തിന് മുമ്പ് ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും തീരുമാനമായി. യോഗത്തിൽ ജല അതോറിറ്റി ടെക്നിക്കൽ കമ്മിറ്റി അംഗം ജി. ശ്രീകുമാർ, സി.ഇ അതോറിറ്റി ടി.എസ്. സുധീർ, സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്റർ, എക്സിക്യൂട്ടിവ് എൻജിനീയർ വിജു മോഹൻ, ഇറിഗേഷൻ വകുപ്പ് ഡെപ്യൂട്ടി സി.ഇ ശ്രീദേവി, ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ ഇൻചാർജ് ആർ. പ്രിയേഷ്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാരായ ആർ. അജയകുമാർ, കെ. സിന്ധു, കെ.ഇ.ആർ.ഐ ഡയറക്ടർ സുപ്രഭ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.